minerva

ഐ ലീഗിൽ ഗോകുലം ഇന്ന് മിനർവയെ നേരിടും

കോഴിക്കോട്: മികച്ച കളി പുറത്തെടുത്തിട്ടും വിജയം തുടരാൻ കഴിയാത്ത ഗോകുലം ഐ ലീഗിൽ തിരിച്ചുവരവിനായി ഇന്ന് സ്വന്തം മൈതാനത്ത് മുൻ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ നേരിടും. പഞ്ചാബിൽവച്ച് മിനർവയോടേറ്റ വൻ തോൽവിയ്ക്ക് മലബാറിയൻസിന് പകരം വീട്ടാനുമുണ്ട്.

വൈകിട്ട് ഏഴിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ കളിയിൽ നെരോക്ക എഫ്.സിയോട് പരാജയപ്പെട്ട ഗോകുലം പോയിന്റ് പട്ടികയിൽ ആറാമതാണ്. 12 കളികളിൽ അഞ്ച് വീതം ജയവും തോൽവിയും രണ്ട് സമനിലയുമുള്ള ഗോകുലത്തിന് 17 പോയന്റാണുള്ളത്. 13 കളികളിൽ അഞ്ച് വിജയവും ആറ് സമനിലയും സ്വന്തമാക്കിയ മിനർവ പഞ്ചാബ് 21 പോയന്റോടെ രണ്ടാമതാണ്.

നായകൻ മാർക്കസ് ജോസഫിൽ തന്നെയാണ് ഗോകുലത്തിന്റെ പ്രതീക്ഷ. സ്വന്തം മൈതാനത്ത് ഗോകുലത്തിന് മേധാവിത്വമുണ്ടെന്നും എന്നാൽ മിനർവ പരാജയപ്പെടുത്താൻ പ്രയാസമുള്ള ടീമാണെന്നും മാർക്കസ് ജോസഫ് പറഞ്ഞു. വിജയത്തോടെ സീസൺ ആരംഭിച്ച ഗോകുലത്തിന് ഇതുവരെ സ്ഥിരതയുടെ പ്രകടനം പുറത്തെടുക്കാനായില്ല.

ഈ സീസണിൽ ഇതുവരെ 9 ഗോളുകൾ സ്വന്തമാക്കിയ മിനർവ സൂപ്പർതാരം ഡിക്ക ഗോകുലത്തിന് ഇന്നും വെല്ലുവിളി ഉയർത്തും. ലീഗിൽ രണ്ടാമതാണെങ്കിലും ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനുമായി 11 പോയന്റ് പിറകിലാണ് മിനർവ. വിജയത്തോടെ ഈ ലീഡ് കുറയ്ക്കുകയാണ് പഞ്ചാബ് കരുത്തരുടെ ലക്ഷ്യം.