കുറ്റ്യാടി : കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം മുതലായ പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യനെയും പ്രകൃതിയെയും സാരമായി ബാധിക്കുന്ന കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള സാമൂഹ്യ പ്രശ്നങ്ങളിൽ തങ്ങളാൽ കഴിയും വിധം ഇടപെടുകയാണ് തീവ്രചലന പരിമിതിക്കാർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ. കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്റർ (ബിആർസി) ക്ക് കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യസത്തിലൂടെയും മറ്റും പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 25 കുട്ടികളാണ് 'പച്ചിലക്കാട്' എന്ന പേരിൽ ഒരേക്കറോളം വരുന്ന പുറം പോക്ക് ഭൂമിയിൽ മരങ്ങൾ നട്ട് സമൂഹ പങ്കാളിത്തത്തോടെ സംരക്ഷിച്ച് ചെറുവനം സൃഷ്ട്ടിക്കാൻ ഒരുങ്ങുന്നത്. ഗ്രീൻ നൊസ്റ്റാൾജിയ, ഒയിസ്ക്ക മുതലായ പരിസ്ഥിതി സംഘടനകളും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും മരുതോങ്കര ഗ്രാമപഞ്ചായത്തും പരിപാടിക്ക് പൂർണ്ണ പിന്തുണയുമായി കൂടെ നിൽക്കുന്നു.

ജൈവവൈവിധ്യം കാത്തുസൂക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക വനവത്ക്കരണത്തിനും മാതൃകയായി ഇടപെട്ടതിന് രാജ്യത്ത് സ്ത്രീകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ പുരസ്ക്കാരമായ നാരീ പുരസ്ക്കാരം ലഭിച്ച കായംകുളം കണ്ടല്ലൂർ പുതിയവിള കൊല്ലകൽ സ്വദേശി ആയ ദേവകിയമ്മയോടൊപ്പം ഈ വരുന്ന മാർച്ച് 2 ന് വൃക്ഷ തൈകൾ നട്ട് കുട്ടികൾ പദ്ധതിക്ക് തുടക്കം കുറിക്കും.