കൊയിലാണ്ടി: മീൻ കിട്ടാക്കനിയായതോടെ ആളും ആരവുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് കൊയിലാണ്ടി ഹാർബർ. അയ്യായിരത്തോളം മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിലുള്ള പതിനായിരത്തിലധികം പേരുമാണ് ഇവിടെ ജോലിയെടുത്തിരുന്നത്. കരയിൽ നിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ വരെയുള്ള മത്സ്യബന്ധനത്തിനാണ് അനുമതിയുള്ളത്. എന്നാൽ മീൻ കിട്ടാതായതോടെ ഈ പരിധി പലപ്പോഴും മറികടക്കാറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
ഇപ്പോൾ രാവിലെ ഇറക്കുമതി ചെയ്യുന്ന മീനെത്തുമ്പോൾ മാത്രമാണ് ഹാർബർ പ്രവർത്തിക്കുന്നത്. വട്ടിപ്പലിശക്കാരിൽ നിന്ന് പണമെടുത്താണ് മിക്ക തൊഴിലാളികളും ഈ മീൻ വാങ്ങുന്നത്. മീനില്ലാതെ കരയ്‌ക്കെത്തുന്ന തോണിക്കരികിലേക്ക് ഓടിയെത്തുന്ന ചെറുകച്ചവടക്കാർ നിരാശയോടെ മടങ്ങുകയാണ്. ഇതുകാരണം അഞ്ച് പതിറ്റാണ്ടായി മീൻ കച്ചവട രംഗത്തുള്ളവരടക്കം പ്രതിസന്ധിയിലാണ്.
ഇരുട്ടടിയായി ജപ്തി ഭീഷണി
മിക്ക മത്സ്യത്തൊഴിലാളികളും വായ്‌പയെടുത്താണ് വള്ളവും മറ്റുപകരണങ്ങളും വാങ്ങിയത്. എന്നാൽ തൊഴിൽ പ്രതിസന്ധിയിലായതോടെ അടവ് മുടങ്ങി. ഇതേത്തുടർന്ന് പലരും ബാങ്ക് റിക്കവറി നടപടി നേരിടുകയാണ്. റിക്കവറി പട്ടികയിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണെന്ന് യൂണിയൻ നേതാക്കളും പറഞ്ഞു. 2008 വരെയുള്ള കടങ്ങളാണ് കടാശ്വാസ കമ്മീഷന്റെ പരിഗണനയിലുള്ളത്. ഇവരിൽ ഭൂരിഭാഗവും അതിനുശേഷം വായ്‌പയെടുത്തവരാണ്.
പ്രതിസന്ധിയിലായ കൊയിലാണ്ടി അങ്ങാടി
മീനിന്റെ ലഭ്യതയ്‌ക്കനുസരിച്ച് ചലിക്കുന്നതാണ് കൊയിലാണ്ടി അങ്ങാടി. മീനില്ലായതോടെ കച്ചവടവും പ്രതിസന്ധിയിലായെന്ന് വ്യാപാരികളും പറയുന്നു. മീൻ കിട്ടാതായതോടെ നഗരത്തിലെ പഴക്കം ചെന്ന പല ഹോട്ടലുകളും പൂട്ടിക്കിടക്കുകയാണ്.
ട്രോളിംഗ് നീട്ടണം
മുൻ കാലങ്ങളിലെ അനിയന്ത്രിതമായ പിടുത്തമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികൾ സമ്മതിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ട്രോളിംഗ് കാലാവധി ദീർഘിപ്പിക്കണമെന്നും അവർ പറയുന്നു. യാതൊരു നിയന്ത്രണവുമില്ലാെതെ പെയർ ട്രോളിംഗ് കൊയിലാണ്ടിയിൽ നടന്നിരുന്നു. പ്രതിസന്ധിയിലും പുതിയ തൊഴിൽ കണ്ടത്താൻ കഴിയാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ.