pharmacist

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും രോഗികൾക്ക് മരുന്ന് വിതരണം മുടങ്ങുന്നത് ഒഴിവാക്കാൻ കൂടുതൽ ഫാർമസിസ്റ്റ് തസ്തിക അനുവദിക്കണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

നിലവിൽ പല സ്ഥാപനങ്ങളിലും മരുന്ന് വിതരണം മുടങ്ങുമ്പോൾ ഫാർമസിസ്റ്റുകൾക്ക് അവധി നിഷേധിക്കുന്ന അവസ്ഥയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ഫാർമസിസ്റ്റ് തസ്തിക അനുവദിക്കണം. മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റ്‌ ഒഴിവുകൾ പി.എസ്.സി വഴി നികത്തുക, ഇ.എസ്.ഐ ഡിസ്പെൻസറികളിൽ ആവശ്യമായ ഫാർമസിസ്റ്റ്‌ തസ്തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.

സംസ്ഥാന പ്രസിഡന്റ് പി.വി പ്രദീപ്‌കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ടി.സി അബ്ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ പ്രേമാനന്ദൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ പ്രബീഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി.കെ രാജൻ, എം.എ ബൈജു, കെ രൂപേഷ്, എം ജീന എന്നിവർ സംസാരിച്ചു.

സർവീസിൽ നിന്ന് വിരമിച്ച മുൻ ജില്ലാ പ്രസിഡന്റ് എം.കെ അബ്ദുറഹ്‌മാൻ, സെക്രട്ടറി സി സഞ്ജീവ് എന്നിവർക്ക് യാത്രയയപ്പ് നൽകി. പി മുരളീമോഹൻ സ്വാഗതവും ടി.കെ ജയരാജൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ടി.സി അബ്ദുൾ ജലീൽ ( പ്രസിഡന്റ് ) എം വി മണികണ്ഠൻ , എം ജീന (വൈസ് പ്രസിഡന്റ് ) പി ശ്രീജേഷ് ( സെക്രട്ടറി ) എ. വി ശ്രീകുമാർ, കെ.എം അഷറഫ് (ജോയിന്റ് സെക്രട്ടറി ) എം ജനീഷ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.