കൽപ്പറ്റ: ലൈഫ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 13596 വീടുകളുടെ നിർമ്മാണം പൂർത്തിയായി. സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കുന്നതിനോടൊപ്പം ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും വൈകുന്നേരം 4 ന് ലൈഫ് കുടുംബസംഗമങ്ങൾ നടക്കും.


കൽപ്പറ്റ ബ്ലോക്ക്

പൊഴുതന പഞ്ചായത്തിൽ 480, കോട്ടത്തറ പഞ്ചായത്തിൽ 521, മേപ്പാടി പഞ്ചായത്തിൽ 688, മൂപ്പൈനാട് പഞ്ചായത്തിൽ 224, മുട്ടിൽ പഞ്ചായത്തിൽ 552, വെങ്ങപ്പള്ളി പഞ്ചായത്തിൽ 366, വൈത്തിരി പഞ്ചായത്തിൽ 203, തരിയോട് പഞ്ചായത്തിൽ 224, പടിഞ്ഞാറത്തറ പഞ്ചായത്തിൽ 496 എന്നിങ്ങനെ ബ്ലോക്കിൽ 3754 വീടുകൾ പൂർത്തിയായി.
മാനന്തവാടി ബ്ലോക്കിലെ എടവക പഞ്ചായത്തിൽ 535, തവിഞ്ഞാൽ പഞ്ചായത്തിൽ 623, തിരുനെല്ലി പഞ്ചായത്തിൽ 616, തൊണ്ടർനാട് പഞ്ചായത്തിൽ 516, വെള്ളമുണ്ട പഞ്ചായത്തിൽ 415 എന്നിങ്ങനെ 2705 വീടുകൾ ബ്ലോക്കിൽ പൂർത്തിയായി.

പനമരം ബ്ലോക്ക്

കണിയാമ്പറ്റ പഞ്ചായത്തിൽ 460, പനമരം പഞ്ചായത്തിൽ 532, പൂതാടി പഞ്ചായത്തിൽ 887, പുൽപ്പള്ളി പഞ്ചായത്തിൽ 341, മുള്ളൻകൊല്ലി പഞ്ചായത്തിൽ 283 എന്നിങ്ങനെ 2503 വീടുകൾ ബ്ലോക്കിൽ പൂർത്തിയായി.


ബത്തേരി ബ്ലോക്ക്

അമ്പലവയൽ പഞ്ചായത്തിൽ 325, മീനങ്ങാടി പഞ്ചായത്തിൽ 515, നൂൽപ്പുഴ പഞ്ചായത്തിൽ 381, നെൻമേനി പഞ്ചായത്തിൽ 461 എന്നിങ്ങനെ ബ്ലോക്കിൽ 1682 വീടുകളാണ് പൂർത്തിയായത്.

കൽപ്പറ്റ നഗരസഭയിൽ 673 വീടുകളും, മാനന്തവാടി നഗരസഭയിൽ 947 വീടുകളും, ബത്തേരി നഗരസഭയിൽ 758 വീടുകളും പൂർത്തിയായി.

ജാനകിയമ്മയ്ക്ക് തണലായി വീട്

പടിഞ്ഞാറത്തറ: കാറ്റിലും മഴയിലും വീഴാത്ത ഒരു വീട് ആയിരുന്നു ജാനകിയമ്മയുടെ സ്വപ്നം. ഷീറ്റ് മറച്ച ഒറ്റമുറി വീടിനുള്ളിൽ രാത്രി കാലങ്ങളിൽ പേടിയോടെ കഴിഞ്ഞിരുന്ന ജാനകിയമ്മയ്ക്കും മകൾക്കും ഇനി ആശ്വസിക്കാം.ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ പടിഞ്ഞാറത്തറ നരിപ്പാറയിലെ 85 കാരി ജാനകിയമ്മയ്ക്ക് വീടായി.

മഴക്കാലത്ത് വീടിനുള്ളിൽ തനിച്ച് താമസിക്കാൻ സാധിക്കാത്തതിനാൽ ജാനകിയമ്മ മകളെയും പേരമകളെയും കൂട്ടി ബന്ധുവീടുകളിലാണ് അഭയം തേടിയിരുന്നത്. 45 വർഷം മുമ്പ് ജാനകിയമ്മയുടെ ഭർത്താവ് കരുണാകരൻ മരിച്ചതിന് ശേഷം കൂലിപ്പണി ചെയ്താണ് 3 പെൺമക്കളെയും വളർത്തി വിവാഹം നടത്തിയത്.

ഭർത്താവ് ഉപേക്ഷിച്ച ഇളയ മകളും പേരക്കുട്ടിയും ജാനകിയമ്മയ്‌ക്കൊപ്പമുണ്ട്. വാർദ്ധക്യ സഹജമായ രോഗങ്ങൾ കൂടി വന്നതോടെ ഒരു വീട് എന്ന പ്രതീക്ഷ നീണ്ടുപോയി. അതിനിടയിലാണ് ലൈഫ് മിഷൻ പദ്ധതിയിൽ വീടിനായി പഞ്ചായത്തിൽ അപേക്ഷിച്ചത്. സുരക്ഷിതമായ വീടിനൊപ്പം വാർദ്ധക്യ പെൻഷൻ കൂടി ലഭിക്കുന്നതോടെ പ്രാരാബ്ദങ്ങൾക്ക് അറുതിയായി.


(ചിത്രം.പുതിയ വീട്ടിൽ ജാനകി അമ്മ)