കുന്ദമംഗലം: കാരന്തൂർ മർകസ് 43-ാം വാർഷികത്തിന്റെ ഭാഗമായി മർകസിൽ ഭിന്നശേഷി വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. അകക്കണ്ണിന്റെ വെളിച്ചത്തിൽ ഖുർആൻ മനഃപാഠമാക്കിയ ഹാഫിസ് ഷബീർ അലിയുടെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ ഉദ്‌ഘാടനം നിർവഹിച്ചു. ചെറിയ ദുഃഖങ്ങളും വലിയ സന്തോഷങ്ങളുമായി മനുഷ്യജീവിതം ദൈവാനുഗ്രഹമാണ്. പാട്ടും വരകളും പഠനവും ഒക്കെയായി നിങ്ങളുടെ ജീവിതം സദാ ആഹ്ലാദഭരിതമാവണമെന്ന് കാന്തപുരം പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള മർകസിന്റെ ഒരു കോടി രൂപയുടെ ധനസഹായം കാന്തപുരം കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ആർ.സി.എഫ്.ഐ ജോയിന്റ് ഡയറക്ടർ റശീദ് പുന്നശ്ശേരി, മുഹമ്മദലി സഖാഫി വള്ളിയാട്, സി .പി സിറാജ് സഖാഫി മുസ്‌തഫ വാഴക്കാട് എന്നിവർ പ്രസംഗിച്ചു.