കോഴിക്കോട്: എലത്തൂർ നിയോജകമണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളായി മാറാൻ കൊളത്തൂർ എസ്.ജി.എം.എച്ച്.എസ് ഒരുങ്ങുന്നു. 3.46 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടപ്പിലാക്കുന്നത്.
ഹയർസെക്കൻഡറി വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ കിഫ്ബി മുഖേനയും 46 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നുമായി ലഭിക്കും. ഒൻപത് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും.
നിർമ്മാണം ഇങ്ങനെ
ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് നില കെട്ടിടം.
ഏഴ് ക്ലാസ് മുറികൾ
നാല് ലാബ്
പ്രിൻസിപ്പൽ റൂം
സ്റ്റാഫ് റൂം
റെസ്റ്റ് റൂമും ഹാളും
100% തിളക്കത്തിൽ
തുടർച്ചയായി എട്ടു വർഷം പത്താം തരത്തിൽ 100% വിജയം കൈവരിക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. കൂടാതെ കലാകായികമേഖലകളിലും സ്‌കൂൾ ഏറെ മുന്നിലാണ്. പുതിയ കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ കൂടി സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടും. കൈറ്റ് ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ഇൻകെലാണ് നിർമ്മാണ മേൽനോട്ട പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നത്.
യോഗത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, സ്ഥിരം സമിതി അംഗം എൻ.കെ രാധാകൃഷ്ണൻ, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു, പ്രിൻസിപ്പൽ എ ശിവരാമൻ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.
'നിയോജക മണ്ഡലത്തിൽ അഞ്ച് സ്‌കൂളുകളാണ് അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നത്. പദ്ധതി പൂർത്തീകരണത്തിന് ജനങ്ങളുടെ പൂർണപങ്കാളിത്തം ആവശ്യമാണെന്നിരിക്കെ ജനകീയ യോഗം വിളിച്ച് ചേർക്കും.'
- എ.കെ. ശശീന്ദ്രൻ,
ഗതാഗത വകുപ്പ് മന്ത്രി