mn-karassery

കോഴിക്കോട്: പൗരത്വം ജന്മാവകാശമാണെന്ന ഭരണഘടനയുടെ അടിസ്ഥാനമൂല്യം കാറ്റിൽപറത്തുകയാണ് ഭരണകൂടമെന്ന് നിരൂപകൻ പ്രൊഫ.എംഎൻ കാരശ്ശേരി പറഞ്ഞു. മതമായിരിക്കും പൗരത്വം നിർണയിക്കുക എന്ന രീതിയിലേക്ക് മാറ്റാനാണ് സംഘ്പരിവാറിന്റെ ശ്രമം.

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ഷഹീൻ ബാഗ് സ്‌ക്വയറിലെ 28ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭയാർത്ഥികളുടെ കാര്യത്തിൽ നിലപാടില്ലാത്ത രാജ്യമാണ് ഇന്ത്യ. കുടിയേറ്റക്കാരനല്ല അഭയാർത്ഥി. അംഗീകൃത കുടിയേറ്റവും അനധികൃത കുടിയേറ്റവുമുണ്ട്. ഈ രണ്ടു വകുപ്പിലും വരാത്തതാണ് അഭയാർത്ഥി. അഭയം നൽകാൻ എല്ലാ ജനാധിപത്യ രാജ്യവും സന്നദ്ധമാവും. രോഹിങ്ക്യകളുടെ വിഷയമുൾപ്പെടെ ഇന്ത്യ ഇന്നും അഭയാർത്ഥികളുടെ കാര്യത്തിൽ ഒരു നയസമീപനം സ്വീകരിക്കാനാവാതെ മുന്നോട്ടുപോവുകയാണ്. പൗരത്വം നൽകാൻ വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്നു പറയുന്നു. മുസ്ലിങ്ങൾക്ക് പൗരത്വം നൽകാത്തിടത്താണ് പ്രശ്‌നം.

മഞ്ചേരി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരാണ് ഇന്നലെ സമരത്തിനെത്തിയത്.

മണ്ഡലം പ്രസിഡന്റ് ഷൈജൽ ആമയൂർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എൻ.പി ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ്, അഡ്വ.എം ഉമ്മർ എം.എൽ.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂർ, മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി, ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ യൂസുഫ് വല്ലാഞ്ചിറ പ്രസംഗിച്ചു. മഞ്ചേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജറുദ്ദീൻ മൊയ്ദു സ്വാഗതവും ട്രഷറർ വി.പി ശംസുദ്ദീൻ നന്ദിയും പറഞ്ഞു.