വടകര: അമിതവേഗതയിൽ സിഗ്‌നൽ തെറ്റിച്ചോടിയ ബസ്സ് നാട്ടുകാർ പിന്തുടർന്ന് വളഞ്ഞു. പുതിയ സ്റ്റാൻഡിൽ നിന്ന് പിടികൂടിയ ഡ്രൈവറെ പൊലിസിനു കൈമാറി. വൈകുന്നേരം കോഴിക്കോട് നിന്നെത്തിയ 'സാമിൽ' ബസ് വടകരയിൽ ട്രിപ്പ് അവസാനിക്കേണ്ടതായിട്ടും അമിതവേഗതയിൽ കുതിക്കുകയായിരുന്നു. കരിമ്പനപ്പാലം ജംഗ്ഷനിൽ സിഗ്‌നൽ തെറ്റിച്ച് വലതുവശം ചേർന്നാണ് ഓടിയത്. ഭാഗ്യത്തിനാണ് ഇരുചക്രവാഹനങ്ങളിലുള്ളവർ രക്ഷപ്പെട്ടത്. ബസ്സിന്റെ മരണപ്പാച്ചിലിൽ രോഷാകുലരായ നാട്ടുകാർ വാഹനങ്ങളിൽ പിന്നാലെ പുതിയ സ്റ്റാൻഡിൽ എത്തി. രംഗം പന്തിയല്ലെന്നു മനസിലാക്കിയ ഡ്രൈവർ ബസ് ട്രാക്കിനു വെളിയിൽ നിറുത്തി മാറി നിന്നു. കരിമ്പനപ്പാലത്തു നിന്നെത്തിയവർ ഇയാളെ സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി വളഞ്ഞ് ചോദ്യം ചെയ്തു. ആളുകൾ കൂടിയപ്പോഴേക്കും പൊലീസും രംഗത്തെത്തി. തുടർന്ന് ഡ്രൈവറെ പൊലീസിനു കൈമാറി.