നാദാപുരം: തലശ്ശേരി ഭാഗത്ത് നിന്നു ബൈക്കിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തു ശേഖരവുമായി യുവാവിനെ നാദാപുരം പൊലീസ് പിടികൂടി. പാതിരപ്പറ്റ സ്വദേശി സന്തോഷിനെയാണ് നാദാപുരം സി ഐ സുനിൽ കുമാർ, എസ് ഐ എൻ. പ്രജീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 50 ഇലക്ടോണിക്സ് ഡിറ്റണേറ്ററും 31 ജലാസ്റ്റിൻ സ്റ്റിക്കുകളും പിടിച്ചെടുത്തു. ഇവ ക്വാറികളിലെ സ്ഫോടനത്തിനായി കൊണ്ടുവന്നവതാണെന്നാണ് പ്രഥമിക നിഗമനം. നാദാപുരം കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. പൊലീസിനെ കണ്ട ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. നാദാപുരം ടൗണിനടുത്ത് ആവോലത്തു വെച്ചാണ് സംഭവം. പ്രതിക്ക് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കുറ്റ്യാടി പൊലീസിൽ കേസ് നിലവിലുണ്ട്.
.