k-surendran

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഭവന നിർമ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി ലൈഫ് മിഷനാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലൈഫ് പദ്ധതി ചെലവിന്റെ പത്തിലൊന്നു മാത്രമാണ് സംസ്ഥാനം ചെലവഴിക്കുന്നത്. ചെലവിന്റെ പകുതിയും കേന്ദ്ര സർക്കാറാണ് വഹിക്കുന്നത്. എന്നാൽ ഒരിടത്തും കേന്ദ്ര സർക്കാറിന്റെ പേര് പറയുന്നില്ല.

സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുടെ അവസ്ഥയും ഇത് തന്നെയാണ്. പദ്ധതിയുടെ മുഴുവൻ പണവും ചെലവഴിച്ചത് കേന്ദ്ര സർക്കാറാണ്. എന്നാൽ ഒരിടത്തും കേന്ദ്ര സർക്കാറിന്റെ പേരില്ല. വ്യാജ പ്രചാരണത്തിന്റെ സത്യാവസ്ഥ തുറന്ന് കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, പി. രഘുനാഥ് എന്നിവരും പങ്കെടുത്തു.