മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവം സംബന്ധിച്ച് വകുപ്പ്തല ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരുടെയും അവലോകന യോഗം ചേർന്നു. സബ്ബ് കലക്ടർ വികൽപ് ഭരദ്വാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാർച്ച് 10നകം വള്ളിയൂർക്കാവിൽ ഇപ്പോൾ നടക്കുന്ന റോഡ് പണി പൂർത്തീകരിക്കാനും കെ.എസ്.ആർ.ടി.സി.ബസുകൾ തിരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. ക്ഷേത്രപ്രദേശങ്ങൾ പൂർണ്ണമായും സി.സി.ടി.വി. നിരീക്ഷണത്തിലാക്കും. ഉത്സവ നഗരിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും.
മാർച്ച് 26,27 തിയ്യതികളിൽ മാനന്തവാടിയിൽ മദ്യനിരോധനം ഏർപ്പെടുത്തും. ഉത്സവ നഗരി ഭിക്ഷാടന നിരോധന മേഖലയാക്കും. തഹസിൽദാർക്കായിരിക്കും വകുപ്പുകളുടെ ഏകോപന ചുമതല. തിരക്കേറിയ നാല് ദിവസങ്ങളിൽ കൂടുതൽ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെ സേവനം ഏർപ്പെടുത്തും. മാർച്ച് 10ന് വീണ്ടും ഒരുക്കങ്ങൾ വിലയിരുത്തും.
മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ, തഹസിൽദാർ എൻ.ഐ.ഷാജു, സി.ഐ എം.എം.അബ്ദുൾ കരീം, ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി.മോഹൻദാസ്, ടി.രത്നാകരൻ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ കമ്മന മോഹനൻ, മനോജ് പട്ടേട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.