കോഴിക്കോട്: ബീച്ച് ആശുപത്രിയുടെ സമഗ്രവികസനത്തിന് 164.17 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സർക്കാർ അനുമതി ലഭിക്കുകയും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്‌തിട്ടുണ്ട്. അത് കിഫ്ബിയിൽ സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബീച്ച് ആശുപത്രിയിൽ സി.ടി സ്‌കാനറിന്റേയും 500 കെ.വി.എ സബ്‌സ്റ്റേഷന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങളുടെ മികവു കൊണ്ട് കോഴിക്കോട് ബീച്ച് ആശുപത്രി ആധുനികവും ജനസൗഹാർദ്ദപരവുമാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ മേഖലയിലെ ആദ്യത്തെ ഇൻഫെർട്ടിലിറ്റി ക്ലിനിക്, ട്രാൻസ്‌ജെൻഡർ ഒ.പി, ഡി അഡിക്ഷൻ സെന്റർ എന്നിവ ബീച്ച് ആശുപത്രിയുടെ നേട്ടങ്ങളാണെന്ന് അദ്ധ്യക്ഷത വഹിച്ച എ. പ്രദീപ് കുമാർ എം.എൽ.എ പറഞ്ഞു. ആശുപത്രിയിൽ തുടങ്ങാനിരിക്കുന്ന കാർഡിയോളജി വിഭാഗത്തിന്റേയും കാത്ത് ലാബിന്റെയും നിർമ്മാണം പുരോഗതിയിലാണെന്ന് എം.എൽ.എ അറിയിച്ചു.
മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ 2019ലെ കായകൽപ്പ് പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ബീച്ച് ആശുപത്രിയിലെ ഉദ്യോഗസ്ഥരെ മന്ത്രി ആദരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ അഡ്വ. തോമസ് മാത്യു, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, ടി. ദാസൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി സ്വാഗതവും ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉമ്മർ ഫാറൂഖ് നന്ദി പറയുകയും ചെയ്തു.