കോഴിക്കോട്: അവസാന സെക്കന്റിലെ അവസരവും പാഴാക്കിയ ഗോകുലത്തിന് പക വീട്ടാനായില്ല. പഞ്ചാബ് എഫ്.സിക്കെതിരെ ഗോകുലം കേരള എഫ്.സി യ്ക്ക് സമനില മാത്രം. മികച്ച കളി പുറത്തെടുത്തിട്ടും വിജയം ഗോകുലത്തിൽ നിന്ന് വീണ്ടും അകന്നു. ഗോകുലത്തിനായി നഥാ നിയേൽ ഗാർഷ്യയും പഞ്ചാബി നായി ഡി പാൻ ഡഡിക്കയും വലകുലുക്കി.
പഞ്ചാബിൽ ഏറ്റ വൻ തോൽവിയ്ക്ക് പകരം വീട്ടാൻ ഇനി അടുത്ത സീസൺ വരെ കാത്തിരിക്കണം.
മികച്ച നീക്കങ്ങളോടെയാണ് ഗോകുലം തുടങ്ങിയത് . പന്തടക്കത്തിലും അക്രമണത്തിലും മികച്ച നിന്ന ഗോകുലത്തിന് പ്രതിരോധത്തിൽ പിഴച്ചു. ലാൽ റം മാവിയയുടെ പിഴവ് മുതലെടുത്ത് 34 ആം മിനിട്ടിൽ സൂപ്പർ സ്ട്രൈക്കർ ഡിപാൻഡ ഡിക്ക പഞ്ചാബ് എഫ്.സി യെ മുന്നിലെത്തിച്ചു. നിരവധി തവണ ഗോളിന് അടുത്തെത്തിയിട്ടും പഞ്ചാബിന്റെ നേപ്പാൾ ഗോളി കിരൺകുമാർ ലിമ്പുവിന്റെ മിന്നുന്ന പ്രകടനം ഗോകുലത്തിന് തിരിച്ചടിയായി.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് 62 ആം മിനിട്ടിൽ നഥാനിയേൽ ഗാർഷ്യേ ഗോകുലത്തെ ഒപ്പം എത്തിച്ചു. പെനാൾട്ടി ബോക്സിന് പുറത്തു നിന്ന് തൊടുത്ത മികച്ച ഗ്രൗണ്ട് ഷോട്ട് രണ്ട് പ്രതിരോധ തിരങ്ങളെയും ഗോളിയെയും മറികടന്ന് വല കുലുക്കി. 80 ആം മിനിട്ടിൽ മാർക്കസിന്റെ ഗോളെന്ന് ഉറച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
അവസാന സെക്കന്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ഷിബിൽ മുഹമ്മദും മാർക്കസ് ജോസഫും പാഴാക്കി.
തോൽവിയോടെ ഗോകുലം പോയന്റ് പട്ടികയിൽ ഏഴാമതായി. 13കളികളിൽ അഞ്ച് വീതം ജയവും തോൽവി മൂന്ന് സമനിലയുമുള്ള ഗോകുലത്തിന് 18 പോയന്റാണുള്ളത്. 14 കളികളിൽ അഞ്ച് വിജയവും ഏഴ് സമനിലയും സ്വന്തമാക്കിയ പഞ്ചാബ് 22 പോയന്റോടെ രണ്ടാമതാണ്.
വിജയത്തോടെ സീസൺ ആരംഭിച്ച ഗോകുലത്തിന് ഇതുവരെ സ്ഥിരതയുടെ പ്രകടനം പുറത്തെടുക്കാനായില്ല.
# ഇന്ത്യൻ വുമൺസ് ലീഗ് ചാമ്പ്യന്മാരായ ഗോകുലത്തിന് സ്വീകരണം നൽകി
ഇന്ത്യൻ വുമൺസ് ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയുടെ വനിതാ ടീമിന് സ്വീകരണം നൽകി. കോഴിക്കോട് ഹോട്ടൽ ഈസ്റ്റ് അവന്യൂവിൽ നടന്ന ചടങ്ങിൽ ഗോകുലം ഗോപാലൻ ടീമിന് ട്രോഫി കൈമാറി. തുടർന്ന് ഗോകുലം - പഞ്ചാബ് പോരാട്ടത്തിന്റ ഹാഫ് ടൈമിൽ സ്റ്റേഡിയത്തിൽ ചാമ്പ്യന്മാരായ വനിതാ ടീമെത്തിയത് ആവേശമുണർത്തി. ഗ്രൗണ്ട് വലം വെച്ച ചാമ്പ്യൻമാർക്ക് നിറഞ്ഞ കൈയ്യടികളോടെയുള്ള വരവേൽപ്പാണ് ആരാധകർ നൽകിയത്.
ഗോകുലത്തിന്റെ വനിതാ ടീം ചാമ്പ്യൻഷിപ്പ് നേടിയത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ഐ.എം വിജയൻ പറഞ്ഞു. രണ്ട് വർഷം കൊണ്ട് മികച്ച നേട്ടമാണ് ഗോകുലം കേരള എഫ്.സി സ്വന്തമാക്കുന്നത്. ഗോകുലത്തിന് കൂടുതൽ ഇന്ത്യൻതാരങ്ങളെ സൃഷ്ടിക്കാനുകുമെന്നും ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനിസ് ചെയർമാൻ ഗോകുലം ഗോപാലന്റെ ഫുട്ബോളിലുള്ള ഇടപെടൽ കേരളത്തിന് നേട്ടാമെന്ന് അദ്ദേഹം പറഞ്ഞു.
ടീമിന്റെ നേട്ടം കൂടുതൽ കുട്ടികൾക്ക് പ്രചേദനമാകുമെന്നും ഗോകുലം കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. മലയാളികൾ കൂടുതലായി ടീമിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു.
ചാമ്പ്യനായി നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മിഷേൽ മാർഗ്രറ്റ് കസ്റ്രാന പറഞ്ഞു. വിജയം തുടരും. കൂടുതൽ പെൺകുട്ടികൾക്ക് വിജയം പ്രചോദനമാകുനെന്ന് പ്രതീക്ഷിക്കുന്നു.
പുരുഷ ടീമിന് നൽകുന്ന അതേ തരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ടീം മാനേജ്മെന്റ് ഒരുക്കിയതെന്ന് അവർ പറഞ്ഞു.
ചടങ്ങിൽ ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി.സി. പ്രവീൺ, സി.ഇ.ഒ അശോക് കുമാർ ബി, കെ.എഫ്.എ സെക്രട്ടറി അനിൽകുമാർ, ബിനോ ജോർജ്, കോച്ച് പി.വി. പ്രിയ, ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.