കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ നെൽകൃഷികൾ സംഭരിച്ച് 'ചെറുവാടിറൈസ് ' എന്ന പേരിൽ ശുദ്ധവും വിഷരഹിതവുമായ കുത്തരി വിപണിയിലിറക്കി. കല്ലൻതോട് ജലസേചന പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തോടെ ചെറുവാടി പുഞ്ചപ്പാടത്ത് 250 ഏക്കറിലധികം തരിശ് കിടന്ന ഭൂമിയാലാണ് നെൽകൃഷി ആരംഭിച്ചിരിക്കുന്നത്. പരമ്പരാഗത കർഷകരോടൊപ്പം, കൃഷി വകുപ്പും, ബാങ്ക്, അദ്ധ്യാപകർ, മറ്റ് സർക്കാർ ജീവനക്കാർ, പ്രവാസികൾ, വിദ്യാലയങ്ങൾ ,മറ്റു സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരും വിഷരഹിത നെല്ലുൽപാദന മേഖലയിലേക്ക് കടന്ന് വന്നതോടെ ജൈവ നെല്ലുൽപാദന മേഖലയിൽ കൊടിയത്തൂർ പഞ്ചായത്ത് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്.
ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് അരിയാക്കി മിതമായ വിലക്ക് ജനങ്ങളിലെത്തിക്കാനാണ് ഗ്രാമപഞ്ചായത്ത് പദ്ധതിയിട്ടിരിക്കുന്നത്. തുടക്കം എന്ന നിലയിൽ കുത്തരി കിലോ 55 രൂപക്ക് ചെറുവാടി ചുള്ളിക്കാപറമ്പിലെ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ 'ഹാപ്പി സൂപ്പർ മാർക്കറ്റി'ൽ ലഭ്യമാക്കിയിട്ടുണ്ടു്.
വിപണന ഉദ്ഘാടനം പി.കെ. സുലൈഖയ്ക്ക് 5 കിലോ പാക്കറ്റ് കൈമാറിക്കൊണ്ടു് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുള്ള നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഗജചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹക്കീം കമ്പളത്ത് , രവീന്ദ്രൻ മാസ്റ്റർ, ജോണി ഇടശ്ശേരി, കെ.സി. മമ്മദ്കുട്ടി, അരുൺ, ഗിരീഷ് കാരക്കുറ്റി, കെ.ടി.ഗഫുർ, ശ്രീജിത്ത് പ്രസംഗിച്ചു. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ആമിന പാറക്കൽ സ്വാഗതവും മെമ്പർ ചേറ്റൂർ മുഹമ്മദ് നന്ദിയും പറഞ്ഞു.