ബാലുശ്ശേരി: ബാലുശ്ശേരി ഗവ: താലൂക്ക് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൻെറ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിലെ നേത്രരോഗ ചികിത്സാ വിഭാഗത്തിനായി ഓട്ടോറിഫ്രക്ടോ കെരറ്റോമീറ്ററും മന്ത്രി നാടിനായി സമർപ്പിച്ചു. ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി പുതിയ ഒരു കെട്ടിടത്തിന് വേണ്ടി ഇരുപത്തിയൊന്ന് കോടി രൂപയുടെ ഭരണാനുമതി നല്കിയിട്ടുണ്ടെന്നും അതിന്റെ പ്രവൃത്തി എത്രയും വേഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പുരുഷൻ കടലുണ്ടി എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ബാബു പറശ്ശേരി മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ സ്വാഗതം പറഞ്ഞു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നാലാം വാർഷികാഘോഷത്തിന്റെ തുടക്കം കുറിച്ചു കൊണ്ടാണ് ഉദ്ഘാടനം.
ബാലുശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി സംവിധാനം. അത്യാഹിത വിഭാഗം നിലവിൽ വരുന്നതോടെ ആശുപത്രി 24 മണിക്കൂറും പ്രവർത്തന ക്ഷമമാകും. ഇതിനോടകം തന്നെ താലൂക്ക് ആശുപത്രിയിൽ ജനറൽ മെഡിസിൻ, പീടിയാട്രിക് വിഭാഗം, ദന്തൽ യൂണിറ്റ്, എൻ.സി.ഡി ക്ലിനിക്, നേത്രരോഗ വിഭാഗം, അനു യാത്രാ ക്ലിനിക്, ഡയാലിസിസ് യൂണിറ്റ്, ആധുനിക സംവിധാനങ്ങളോടുകൂടിയ ലാബ്, തൈറോയിഡ് അനലൈസർ, അഡോള സെന്റ് ക്ലിനിക്, ഹെമറ്റോളജി അനലൈസർ, ബയോകെമിസ്ട്രി അനലൈസർ, ഇലക്ട്രോ റൈറ്റ് അനലൈസർ, ഓട്ടോറിഫ്രക്ടോ കെരറ്റോമീറ്റർ തുടങ്ങിയവ. കേരള സർക്കാറിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായാണ് ഇവ നടപ്പാക്കിയത്.