കുറ്റ്യാടി: വേനൽ കടുത്തതോടെ നാട്ടിൻ പുറങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ ഒരു കിണർ മലിനമായി കിടക്കുന്നു. വേളം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള കിണറാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. നിറയെ വെള്ളമുള്ള കിണറിൽ നിന്നാണ് ബഡ്‌സ് സ്‌കൂളിലേക്കും പ്രദേശത്തെ നിരവധി വീടുകളിലേക്കും കുടിവെള്ളം എടുക്കുന്നത്. എന്നാൽ ദാഹജലം കിട്ടാതെ നാട് വലയുമ്പോൾ കിണറിന്റെ സ്ഥിതി ദയനീയമായ അവസ്ഥയിലാണ്. ആൾമറ തകർന്ന് സുരക്ഷാ ഭീഷണി നേരിടുന്ന കിണർ വൃത്തിയാക്കാനോ വല കൊണ്ട് മൂടാനോ പഞ്ചായത്ത് അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. വർഷങ്ങളായി കിണറിലെ വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിക്കാതെ കിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന്റെ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന കിണർ അധികൃതരുടെ തികഞ്ഞ നിസ്സംഗത കാരണമാണ് ആൾമറ കെട്ടി സംരക്ഷിക്കാത്തതും ശോചനീയാവസ്ഥ പരിഹരിക്കാത്തതും. വേനൽ കടുക്കുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശത്ത് ഈ കിണർ വേണ്ട വിധത്തിൽ സംരക്ഷിച്ചാൽ ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.