കോഴിക്കോട്: വികസന പാതയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വലിയ മുന്നേറ്റം നടത്തുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കൽ കോളേജിലെ പമ്പ് ഹൗസ്, ആർദ്രം പദ്ധതി ഒ.പി. ടിക്കറ്റ് കൗണ്ടറുകൾ, 16 സ്ലൈസ് സി.ടി സ്കാനർ, യു.എസ്.ജി സ്‌കാനർ, ഓർത്തോ ഐ.സി.യു പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലിനജലശേഖരണ സംവിധാനത്തിന്റെ പ്രവർത്തനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. എ. പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ റഹീം എം.എൽ.എ, എം.വി. ശ്രേയാംസ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോർപറേഷൻ കൗൺസിലർമാരായ എം.എം. പത്മാവതി, ഷെറീന വിജയൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ, ഐ.സി.ഡി സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാൽ, വൈസ് പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.
കളക്ഷൻ വെല്ലും പമ്പ് ഹൗസും
മെഡിക്കൽ കോളേജിൽ നിന്നുള്ള മലിന ജലം മായനാട് വഴിയാണ് ഒഴുക്കിയിരുന്നത്. ഇത് തടയുന്നതിനായി എ. പ്രദീപ് കുമാർ എം.എൽ.എയുടെ മന്ത്രി എ.കെ. ശശീന്ദ്രൻ , എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, വി.കെ.സി. മമ്മദ് കോയ, പി.ടി.എ റഹീം, കാരാട്ട് റസാഖ്, പുരുഷൻ കടലുണ്ടി, ഇ.കെ. വിജയൻ എന്നിവരുടെ 2017-18 ലെ എം.എൽ.എ ഫണ്ടുപയോഗിച്ചാണ് കളക്ഷൻ വെല്ലും പമ്പ് ഹൗസും നിർമ്മിച്ചത്. മെഡിക്കൽ കോളേജിലെയും ഐ.എം.സി.എച്ചിലെയും മാലിന്യം കളക്ഷൻ വെല്ലിൽ സംഭരിച്ച് അവിടെ നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മാനദണ്ഡമനുസരിച്ച് ശുദ്ധീകരിച്ച പൈപ്പ് വഴി കനോലി കനാലിലേക്ക് ഒഴുക്കി വിടും.
ഇന്നലെ ഉദ്ഘാടനം ചെയ്‌തത്
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപയുടെ മാതൃ ശിശു സംരക്ഷണ കേന്ദ്രം
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ചെസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലെ ഒ പി ടിക്കറ്റ് കൗണ്ടറുകൾ
എം.പി. വീരേന്ദ്രകുമാർ എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 1.65 കോടി രൂപയ്‌ക്ക് നിർമ്മിച്ച ഓർത്തോ ഐ.സി.യു
54 ലക്ഷം രൂപയുടെ ഉപകരണങ്ങൾ
2.5 കോടി രൂപയ്‌ക്ക് നിർമ്മിച്ച 16 സ്ലൈസ് സി ടി സ്കാനർ