കൊയിലാണ്ടി: കെ.മുരളീധരൻ എം.പി കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെത്തി നഗരസഭാ ചെയർമാൻ, റെയിൽവേ ജീവനക്കാർ, പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. നേത്രാവതി, ഇന്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കെട്ടിടം പണി ഉടൻ തീർക്കാൻ കരാറുകാരാട് ആവശ്യപ്പെടും. ശുദ്ധജല ലഭ്യതയ്ക്കായി കിണർക്കുഴിക്കാൻ നടപടി സ്വീകരിക്കും. പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇരു ട്രെയിനുകൾക്കും താല്ക്കാലിക സ്റ്റോപ്പ് അനുവദിച്ച് തരാൻ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടും, നൂറ് കണക്കിന് യാത്രക്കാരാണ് കൊയിലാണ്ടിയിൽ നിന്ന് യാത്ര ചെയ്യുന്നത്. ആവശ്യമായ ഇരിപ്പടം, കുടിവെള്ളം ഇതൊന്നും സ്റ്റേഷനിലില്ല. പുതിയ കെട്ടിടം പണി ഇഴഞ്ഞുനീങ്ങുകയാണ്. ദീർഘ ദൂര അതിവേഗ തീവണ്ടികൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ കോഴിക്കോട്ടും വടകരയിലും പോകേണ്ട അവസ്ഥയാണ്. തെക്ക് ഭാഗത്ത് ഫുട്ട ഓവർബ്രിഡ്ജ് പണിയണമെന്നത് ദീർഘകാലമായ ആവശ്യമാണ്. സ്റ്റേഷൻ വികസനത്തിനായി അനവധി സമരങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് എം.പിയുടെ സന്ദർശനം.