കൽപ്പറ്റ: ലൈഫ് ഭവന പദ്ധതി പ്രകാരം ജില്ലയിൽ 13596 വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം നടന്നു. സംസ്ഥാനത്ത് പൂർത്തിയായ 2 ലക്ഷം വീടുകളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും ലൈഫ് കുടുംബസംഗമങ്ങൾ നടന്നത്.
വൈകുന്നേരം 4 ന് നടന്ന ചടങ്ങിൽ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭിച്ച മുഴുവൻ കുടുംബങ്ങളും പങ്കെടുത്തു. സംഗമ വേദികളിൽ മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപന ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടന്നു. പഞ്ചായത്ത്, നഗരസഭാ തലത്തിൽ പദ്ധതി പൂർത്തീകരണ പ്രഖ്യാപനങ്ങൾ അതത് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ അദ്ധ്യക്ഷന്മാരും നടത്തി.
ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽ 890 വീടുകളും, പട്ടികവർഗ്ഗ വിഭാഗത്തിൽ 7035 വീടുകളുമാണ് പൂർത്തിയാക്കിയത്. ജനറൽ വിഭാഗത്തിൽ 5693 വീടുകളുടെ നിർമ്മാണവും പൂർത്തിയായി.
മാനന്തവാടി ബ്ലോക്കിൽ 2705 വീടുകളും പനമരം ബ്ലോക്കിൽ 2503 വീടുകളും കൽപ്പറ്റ ബ്ലോക്കിൽ 3754 വീടുകളും സുൽത്താൻ ബത്തേരി ബ്ലോക്കിൽ 1682 വീടുകളുമാണ് പൂർത്തിയായത്. കൽപ്പറ്റ നഗരസഭയിൽ 673 വീടുകളും, മാനന്തവാടിയിൽ 947 വീടുകളും, ബത്തേരിൽ 758 വീടുകളും പൂർത്തിയായി.
(ചിത്രം.കൽപ്പറ്റ നഗരസഭയിലെ ലൈഫ് പൂർത്തീകരണ പ്രഖ്യാപനം)
ഊരിന്റെ മൂപ്പൻ
ഇനി വീടിന്റെയും മൂപ്പൻ
കണിയാമ്പറ്റ: കണിയാമ്പറ്റ ചക്കിട്ടാട്ട് കോളനിയിലെ ഊരു മൂപ്പൻ ചടയന്റെ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. സ്വന്തം വീടെന്ന സ്വപ്നത്തിനൊപ്പം കോളനിയിലെ മറ്റ് കുടുംബങ്ങൾക്കും ലൈഫ് സുരക്ഷിത ഭവനം ലഭ്യമാക്കുന്നതിന് ചടയൻ കാരണമായി. കോളനിയിലെ തന്നെ താമസക്കാരനായ സഹോദരൻ ഞേണന്റെ വീടിനോട് ചേർന്ന ഷെഡ്ഡിലായിരുന്നു ചടയന്റെയും കുടുംബത്തിന്റെയും താമസം. നന്നേ ചെറുപ്പത്തിലെ ഭാര്യ മരിച്ചുപോയ ചടയൻ കൂലിപ്പണി ചെയ്താണ് മൂന്ന് പെൺമക്കളെയും വളർത്തിയത്. സ്വന്തമായി വീടില്ല എന്ന കാരണത്താൽ ഇതുവരെയും മക്കളുടെ വിവാഹം നടന്നിട്ടില്ല. 62 വയസ്സായ ചടയന് വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ട്. സ്വന്തം വീടിനൊപ്പം കോളനിയിലുള്ളവർക്കും വീട് ലഭിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും ചടയൻ നടത്തി.
ചടയന് സ്വന്തം ഭൂമിയിലെ വീടിനു പുറമെ എട്ട് വീടുകളും. വീട്ടിലേക്കുള്ള റോഡ്, വെളിച്ചം എന്നിവയും പഞ്ചായത്ത് മുൻകൈയ്യെടുത്ത് നടപ്പിലാക്കി.
(ചിത്രം. വിടരുന്ന ചിരി......പുതിയ വീട്ടിൽ ചടയനും മകളും)
കാടിനുള്ളിലെ കോളനിയിൽ ഏഴു വീടുകൾ
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം മൂന്ന് സെന്റ് കോളനിക്കാർക്ക് ഇനി സുരക്ഷിത ജീവിതം. കാടിനുള്ളിൽ വന്യമൃഗങ്ങളെ ഭയന്ന് കഴിയുന്ന ഇവർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് കിട്ടി. ഭൂരഹിതരായ ഈ കുടുംബങ്ങൾക്ക് സർക്കാർ ഭൂമി കണ്ടെത്തിയാണ് വീട് നിർമ്മിച്ചു നൽകിയത്. ഇതുവരെയും ഈ കാടിനുള്ളിലും പുറത്തും സുരക്ഷിതമല്ലായിരുന്നു ഇവർക്ക് ജീവിതം. ഏതു സമയവും വന്യമൃഗങ്ങൾ ആക്രമണം പ്രതീക്ഷിക്കണം.
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് കോളനിയിലെ മാധവനും കുടുംബവും. ഓലകൊണ്ട് മറച്ച ഷെഡിലായിരുന്നു വർഷങ്ങളായി ഇവർ കഴിഞ്ഞിരുന്നത്. അപകടത്തിൽ കാലു നഷ്ടപ്പെട്ട മാധവൻ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഭാര്യ സതി തൊഴിലുറപ്പിനും മറ്റും പോയാണ് ജീവിതത്തിനുള്ള വരുമാനം കണ്ടെത്തുന്നത്.
കോളനിയിലെ അന്തേവാസിയായ റംലയ്ക്കും ഇതുതന്നെയാണ് പറയാനുള്ളത്. രണ്ട് ആൺമക്കളും മരുമകളും 4 വയസ്സുള്ള മകനും ഉള്ള കുടുംബമാണ്. മൂത്ത മകൻ കൂലിപ്പണിക്ക് പോയിട്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.മകളുടെ പ്രസവസമയത്ത് ചോർന്നൊലിക്കുന്ന ഷെഡിൽ വളരെ ബുദ്ധിമുട്ടിയായിരുന്നു കഴിഞ്ഞത്. മൂന്ന് സെന്റ് കോളനിയിലെ യശോദയമ്മ ആറു വർഷം കഴിഞ്ഞിരുന്നത് ഒറ്റമുറിയുള്ള ചെറ്റകുടിലായിരുന്നു. രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. പെരുമഴയെയും വന്യമൃഗങ്ങളെയും ഭയന്നാണ് വർഷങ്ങളോളം ഇവർ കുടിലിൽ ജീവിതം കഴിച്ചു കൂട്ടിയത്.
പട്ടിക വർഗ വിഭാഗക്കാർക്കായി 6707 വീടുകളാണ് ജില്ലയിൽ പൂർത്തിയായത്. ഭൂമിയും വീടുമില്ലാതെ കൂടുതലും കാട്ടിനകത്തും പരിസര പ്രദേശങ്ങളിലുമായിരുന്നു ഗോത്ര വിഭാഗങ്ങൾ താമസിച്ചു വന്നിരുന്നത്. കാറ്റിലും മഴയിലും ഒറ്റമുറി വീടിനുള്ളിൽ വന്യമൃഗങ്ങളെ പേടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു. ജീവിത സാഹചര്യം മെച്ചപ്പെട്ട് വരുമ്പോഴും സുരക്ഷിതവും സൗകര്യപ്രദവുമായ വീട് ഇവരുടെ സ്വപ്നമായി നിലനിന്നു.
സിറ്റൗട്ട് ,ഡൈനിംങ് ഹാൾ, 2 ബെഡ് റൂമുകൾ, അടുക്കള, ബാത്ത് റൂം സൗകര്യങ്ങളടങ്ങിയ 420 സ്ക്വയർ ഫീറ്റ് ഭവനങ്ങളാണ് കോളനികളിൽ നിർമ്മിച്ചിരിക്കുന്നത്. .