സുൽത്താൻ ബത്തേരി: കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയിൽ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്ര രക്ഷാമാർച്ചിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമ രാഷ്ട്രം തകർത്തുകൊണ്ടാണ്‌ മോദി അധികാരത്തിലെത്തിയത്. ഭരണഘടന സ്ഥാപനങ്ങൾ ഇടിച്ചുതകർക്കുന്നു. ജുഡീഷ്യറിയെപോലും കടന്നാക്രമിക്കുകയാണ്. 2019ലെ ഐക്യം തകർത്തത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. അതാണ്‌ മോദി അധികാരത്തിൽ വരാൻ ഇടയാക്കിയത്.

കേരളത്തിൽ സിപിഎംവോട്ട് രാഷ്ട്രീയം കളിക്കുകയാണ്. പൗരത്വ ബിൽ മുസ്ളിങ്ങളെയാണ് കാര്യമായി ബാധിക്കുന്നതെന്ന് സിപിഎം പ്രചരിപ്പിക്കുകയാണ്. അത്‌ വോട്ട് രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കരുക്കളായി മുസ്ലീം സമുദായത്തെ കൊണ്ടുപോകാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഡി.പി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ്, കെ.കെ അബ്രഹാം, പി.കെ ജയലക്ഷ്മി, പി.വി ബാലചന്ദ്രൻ, എം.എസ് വിശ്വനാഥൻ, സി.പി വർഗീസ്, പി.പി ആലി,എൻ.ജി.ബിജു, എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ

രാഷ്ട്ര രക്ഷ മാർച്ചിന്റെ സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.