നാദാപുരം : ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലിനാണ് പ്രാമുഖ്യം നൽകുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് നാദാപുരം താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ആരോഗ്യമേഖലയിൽ അടിസ്ഥാനമാറ്റങ്ങളാണ് വരുത്തുന്നത്. ആനുകാലിക അസുഖങ്ങളെയും അത്തരം സാഹചര്യങ്ങളെയും നേരിടാനുള്ള ശ്രമം തുടരുകയാണ് . നാദാപുരം താലൂക്ക് ആശുപത്രിയിൽ ട്രോമകെയർ ,കാഷ്വാലിറ്റി എന്നിവയ്ക്കായി മാസ്റ്റർ പ്ലാൻ ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 5 കോടി 81 ലക്ഷം രൂപ ചെലവഴിച്ച് മലബാർ പാക്കേജിൽ ഉൾപ്പെടുത്തിയാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചത് .

ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷനായി. വടകര എം.പി കെ. മുരളീധരൻ ,തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ചന്ദ്രി ,ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ .മനോജ് അരൂർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ, ഡി.എം.ഒ ഡോ.വി.ജയശ്രീ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.