കോട്ടയം : കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിക്കുകയും ആശങ്കനിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൺട്രാേൾ റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ ഒരാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ സംശയിച്ച് നിലവിൽ ആരെയും ആശുപത്രികളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗിസ് അറിയിച്ചു. രോഗം സംബന്ധിച്ചുള്ള സംശയനിവാരണത്തിന് 0481-2304110, 9495088514 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനതലത്തിൽ 1056 എന്ന നമ്പറിൽ ബന്ധപ്പെട്ടാലും വിവരങ്ങൾ ലഭിക്കും. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർ ജില്ലാ ആശുപത്രിയിലെ ഡോ.സിന്ധു.ജി.നായരെയോ (ഫോൺ : 9447347282) മെഡിക്കൽ കോളേജിലെ ഡോ.സജിത്കുമാറിനെയോ (ഫോൺ : 9447239277) ബന്ധപ്പെടാവുന്നതാണ്.

പ്രതിരോധിക്കാം...

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ജില്ലയിൽ എത്തിയവർ അടുത്ത 28 ദിവസം നിർബന്ധമായും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ബാത്ത് അറ്റാച്ച്ഡും വായു സഞ്ചാരമുള്ളതുമായ മുറി ഉപയോഗിക്കണം. നാട്ടിൽ വന്നാൽ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കണം. വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കം പരമാവധി ഒഴിവാക്കണം. പാത്രങ്ങൾ, ബെഡ് ഷീറ്റ്, കപ്പ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി തുടങ്ങിയവ ബ്ലീച്ചിംഗ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടീ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കണം.സന്ദർശകരെ ഒരു കാരണവശാലും വീട്ടിൽ അനുവദിക്കരുത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യ കേന്ദ്രത്തിലോ കൺട്രോൾ റൂമിലെ ഫോൺ നമ്പരിലോ വിളിച്ച് മുൻകൂട്ടി അറിയിച്ച ശേഷം അവരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ എത്തണം.