accident

കുട്ടനാട്: ലോറി നിയന്ത്രണം വിട്ട് വീടിന്റെ ചായ്പിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ വീട്ടമ്മ തത്ക്ഷണം മരിച്ചു. എ ​- സി റോഡിൽ മങ്കൊമ്പ് തെക്കേക്കര കെ.എസ്.എഫ്.ഇ ഓഫീസിന് സമീപം ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മരുമകളും അവരുടെ രണ്ടു കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. ചമ്പക്കുളം പഞ്ചായത്ത് മങ്കൊമ്പ് തെക്കേകര പതിനെട്ടിൽചിറ പരേതനായ പുഷക്കരന്റെ ഭാര്യ രാജമ്മയാണ് (68) മരിച്ചത്. ഇവർ വീടിന്റെ ചായ്പിലും മറ്റുള്ളവർ മുറിയിലും കിടന്നുറങ്ങുകയായിരുന്നെന്നാണ് വിവരം. മരുമകൾ ബിന്ദു (39), കുട്ടികളായ ഐശ്വര്യ (10), അനശ്വര (8) എന്നിവർ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് സമീപവാസികൾ ഓടിക്കൂടിയെങ്കിലും വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടന്ന രാജമ്മയെ രക്ഷിക്കാനായില്ല. ചാക്കുകെട്ടുകളുമായി നെല്ല് കയറ്റുന്നതിന് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുളിങ്കുന്ന് പൊലീസ് കേസെടുത്തു.