കോട്ടയം: പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് റബർതോട്ടത്തിൽ കുലുക്കികുത്ത് കളിക്കുന്നതിനിടയിൽ പൊലീസിനെ കണ്ട് ഭയന്നോടിയ മധ്യവയസ്കൻ 14 അടി താഴ്ചയുള്ള കിണറ്റിൽ വീണ് മരിച്ചു. കാനം മരുതോലിൽ ഷാജി ജോസ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കാനത്താണ് സംഭവം. വെള്ളമില്ലാത്ത കിണറ്റിലെ പാറയിൽ തലയിടിച്ചാണ് മരിച്ചത്. പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും.

റബർതോട്ടത്തിന്റെ നടുവിലുള്ള കിണർ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. കിണറിന് ചുറ്റുമതിലില്ലായിരുന്നു. കുലുക്കികുത്ത് കളി തകൃതിയായി നടക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. ഇതോടെ കളിക്കാരും കണ്ടുനിന്നവരും ചിതറി ഓടി. ഇതിനിടയിലാണ് ഷാജി കിണറ്റിൽ വീണത്.

ഷാജിയെ കാണാതായതോടെ കൂട്ടുകാർ തിരക്കിയിറങ്ങിയെങ്കിലും ആദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നുള്ള തെരച്ചിലിലാണ് കിണറ്റിൽ കണ്ടെത്തിയത്. അപ്പോഴേയ്ക്കും ഷാജി മരിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.