കോട്ടയം: കുറവിലങ്ങാട് കാളികാവിൽ കാർ തടിലോറിയിൽ ഇടിച്ച് തത്ക്ഷണം മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തി. ഒരു കുടുംബത്തിലെ മൂന്നു സ്ത്രീകൾ അടക്കം അഞ്ചു പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30ന് കുറവിലങ്ങാടിന് സമീപം എം.സി.റോഡിൽ കാളികാവ് പള്ളിക്ക് സമീപമായിരുന്നു അപകടം. തിരുവാതുക്കൽ വേളൂർ ആൽത്തറയിൽ വീട്ടിൽ തമ്പി (അളിയൻ തമ്പി-70), ഭാര്യ വത്സല (65), മകൻ പ്രവീണിന്റെ ഭാര്യ പ്രഭ (46), പ്രവീണിന്റെ മകൻ അർജ്ജുൻ പ്രവീൺ (അമ്പാടി-19), പ്രഭയുടെ അമ്മ ഉഷ (61)എന്നിവരാണ് മരിച്ചത്. അർജ്ജുൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. പെരുമ്പാവൂരിലേക്ക് തടിയുമായി പോകുകയായിരുന്ന ലോറിയിലാണ് കാർ ഇടിച്ചത്. പാലക്കാട് പോയി മടങ്ങവേയായിരുന്നു അപകടം. ലോറിയുടെ അടിയിലേയ്ക്കു കാർ ഇടിച്ചു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുറവിലങ്ങാട് എസ്.ഐ യുടെ നേതൃത്വത്തിലെത്തിയ പൊലീസ് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിച്ച് പതിനഞ്ചു മിനിറ്റോളം ശ്രമിച്ചശേഷമാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. അപ്പോഴേയ്ക്കും അഞ്ചു പേരും മരിച്ചിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തെതുടർന്ന് അര മണിക്കൂറോളം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. അതേസമയം, പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഇന്ന് രാവിലെ ഏറ്റുവാങ്ങി. മൃതദേഹങ്ങൾ ഉച്ചയോടെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അർജ്ജുന്റെ പിതാവ് പ്രവീൺ കുവൈറ്റിൽ നിന്ന് എത്തിയശേഷം സംസ്കാരം നടക്കും. പ്രവീൺ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.