കോട്ടയം : '' ഉച്ചകഴിഞ്ഞ് തൃശൂർക്ക് പോണം. നാളെ കാണാം'' - മണർകാട് ഐ.ടി.സിയിലെ ഇലക്രിട്രീഷ്യൻ ട്രേഡ് ഒന്നാം വർഷ വിദ്യാർത്ഥി അർജുൻ (അമ്പാടി-19)​ സഹപാഠികളോട് യാത്ര പറഞ്ഞിറങ്ങിയത് ഇങ്ങനെയാണ് പക്ഷേ,​ ശേഷമുള്ള കാഴ്ച അവർക്കാർക്കും താങ്ങാനാവുന്നതായിരുന്നില്ല. വെള്ളപുതപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് പോസ്റ്റുമോർട്ടത്തിനായി അർജുന്റെ മൃതദേഹമെടുക്കുമ്പോൾ കൂടി നിന്ന സഹപാഠികൾ പൊട്ടിക്കരഞ്ഞു. അവർക്കെല്ലാം അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അർജുൻ. എല്ലാവരുടേയും അമ്പാടി. ശാന്തൻ,​ പരോപകാരി. അയൽവാസികൾ എന്ത് ആവശ്യത്തിന് വിളിച്ചാലും ഓടിയെത്തും. ഐ.ടി.സിക്ക് ചേർന്നതോടെ അയൽവാസികളുടെ വീട്ടിൽ കറന്റ് പോയാൽ സഹായിയാണ്. ഫാനും മോട്ടോറുമൊക്കെ നന്നാക്കി കൊടുക്കും. കുളമുണ്ടാക്കി മീനിനെയും, പശുവിനെയും പക്ഷിയെയും വളർത്തുന്നുണ്ട്. പഠനത്തിനിടെയാണ് ഇതിനൊക്കെ സമയം കണ്ടെത്തുന്നത്. രാവിലെ പഠിക്കാൻ പോവുന്നതിന് മുൻപും വൈകിട്ട് എത്തിക്കഴിഞ്ഞാലും അരുമ മൃഗങ്ങൾക്ക് തീറ്റ കൊടുക്കലാണ് പ്രധാന ജോലി. ഇത്ര പെട്ടെന്നുള്ള അമ്പാടിയുടെ യാത്ര നാട്ടുകാർക്ക് ഉൾക്കൊള്ളാനായിട്ടില്ല.