കോട്ടയം: വാഹനമോടിക്കുമ്പോൾ ഒരു നിമിഷം കണ്ണുതെറ്റിയാൽ എന്താകും അവസ്ഥയെന്ന കാര്യം വ്യക്തമാണ്. അപ്പോൾ ഒരു കിലോമീറ്ററിലേറെ ദൂരം വലിയ വാഹനങ്ങൾ ചെറുവാഹനയാത്രക്കാരുടെ ഉൾപ്പെടെ കാഴ്ചമറച്ചാൽ എന്താകും അവസ്ഥ? ഇവിടെ അപകടം ക്ഷണിച്ചുവരുത്തുകയാണ്.കോട്ടയം എം.ജി റോഡിൽ വലിയ വാഹനങ്ങളുടെ പാർക്കിംഗാണ് ചെറുവാഹനങ്ങൾക്ക് വെല്ലുവിളിയാകുന്നത്. മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന രീതിയിലാണ് റോഡരികിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെയുള്ള ലോറികൾ പാർക്ക് ചെയ്യുന്നത്. നഗരത്തിലെത്തുന്ന വലിയ വാഹനങ്ങളിൽ ഏറിയ പങ്കും പാർക്ക് ചെയ്യുന്നത് എം.ജി റോഡിലാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കാറുകളും മാറ്റുമായി കോട്ടയത്തെ ഷോറൂമുകളിലേക്ക് എത്തുന്ന ഭീമൻ ലോറികളാണ് ഇതിലേറെയും. ഇവയുടെ എണ്ണമാകട്ടെ ഡസൻ കണക്കിന് വരും. ഒരു നിശ്ചിത തുക പാർക്കിംഗ് ഫീസായി ലോറി ജീവനക്കാരിൽ നിന്ന് നഗരസഭ ഈടാക്കുന്നുണ്ട്. പാർക്കിംഗ് ഇനത്തിൽ വലിയ തുക ലഭിക്കുമ്പോഴും വാഹനയാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ മാത്രം നഗരസഭയ്ക്ക് ഒരു ശ്രദ്ധയുമില്ല.
ഇത് അപകടമേഖല കോടിമത മുതൽ മീൻ മാർക്കറ്റ് വരെയുള്ള ഭാഗത്താണ് വമ്പൻമാരുടെ പാർക്കിംഗ്. മീൻമാർക്കറ്റ് ഭാഗത്ത് മാർക്കറ്റിലെത്തുന്ന വാഹനങ്ങളും അലക്ഷ്യമായി പാർക്കുചെയ്യുന്നുണ്ട്.കാറിൽ നിന്ന് പുറത്തിറങ്ങാതെ സാധനങ്ങൾ വാങ്ങാൻ പറ്റുമോ എന്ന് ആലോചിക്കുന്നവരും ഇവിടെ കുറവല്ല.മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടക്കുന്നതിനാൽ പകൽ സമയത്തും എം.ജി റോഡിൽ വലിയ തിരക്കാണ് പലപ്പോഴും അനുഭവപ്പെടുന്നുണ്ട്.
വളവിൽ കെണിയുണ്ട്
എം.ജി റോഡിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപത്തെ വളവാണ് പലപ്പോഴും വാഹനയാത്രക്കാർക്ക് കെണിയാകുന്നത്. റോഡ് നിർമ്മാണം അശാസ്ത്രീയമല്ലെങ്കിലും വളവിൽ അപകടകരമാംവിധമാണ് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഡ്രൈവർമാരുടെ കാഴ്ച മറയുന്നതോടെ ഏതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഈ ഭാഗത്ത് റോഡിന്റെ മധ്യത്തിലൂടെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. വളവിന് സമീപത്തെ ഇടറോഡിൽ നിന്ന് ഓരോ നിമിഷവും നിരവധി വാഹനങ്ങളാണ് എം.ജി റോഡിലേക്ക് പ്രവേശിക്കുന്നത്.