അപകടം കാർ തടിലോറിയിലേക്ക് പാഞ്ഞുകയറി
കോട്ടയം : എം.സി റോഡിൽ കുറവിലങ്ങാടിന് സമീപം കാളികാവിൽ തടിലോറിയിൽ കാറിടിച്ചു മരിച്ച ഒരു കുടുംബത്തിലെ അഞ്ചു പേരുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും. ഇന്നലെ പുലർച്ചെ 12.15നുണ്ടായ അപകടത്തിൽ തിരുവാതുക്കൽ ഗുരുമന്ദിരത്തിന് സമീപം ഉള്ളാട്ടിൽപ്പടി തമ്പി (68), ഭാര്യ വത്സല (65), മകൻ പ്രവീണിന്റെ ഭാര്യ പ്രഭ (40), പ്രവീണിന്റെ മകൻ അർജുൻ (അമ്പാടി 19), പ്രഭയുടെ മാതാവ് തിരുവാതുക്കൽ ആലുത്തറ ഉഷ തോമസ് (55) എന്നിവരാണ് മരിച്ചത്. ഉള്ളാട്ടിൽപ്പടി വീട്ടിലെ ഏകാംഗം പ്രവീൺ ഇന്നലെ വൈകിട്ടോടെ കുവൈറ്റിൽ നിന്ന് നാട്ടിലെത്തി. ചാലക്കുടി പൂലാനി സുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തമ്പിയുടെ സഹോദരി നിർമലയുടെ ചെറുമകൾ ആശ്രയയുടെ ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അപകടം. കാറോടിച്ചിരുന്ന അർജുൻ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് നിഗമനം.
അമിതവേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ കാർ പെരുമ്പാവൂരിലേയ്ക്കു പോകുകയായിരുന്ന തടിലോറിയിൽ ഇടിയ്ക്കുകയായിരുന്നു. കാർ പൂർണമായി തകർന്നു. അഞ്ചു പേരും തത്ക്ഷണം മരിച്ചു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തകരായത്. പിന്നീട്, കുറവിലങ്ങാട്, ഏറ്റുമാനൂർ പൊലീസും കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നിശമന സേനയും പങ്കാളികളായി. കാറിനുള്ളിൽ കുടിങ്ങിയ അഞ്ചുപേരെയും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു.
കുവൈറ്റിൽ വാഹന വില്പന സ്ഥാപനത്തിലാണ് തമ്പിയുടെ മകൻ പ്രവീണിന് ജോലി. പ്രവീൺ കുടുംബത്തോടൊപ്പം കുവൈറ്റിലായിരുന്നു. അർജുന്റെ തുടർ പഠനത്തിനായാണ് നാട്ടിലെത്തിയത്. തമ്പിയുടെ വിദേശത്തുള്ള മകൾ ഇന്ദുലേഖ ഇന്ന് പുലർച്ചെ നാട്ടിലെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ എട്ടോടെ വീട്ടിലെത്തിക്കും. പത്തോടെ തിരുവാതുക്കൽ ഗുരുമന്ദിരത്തിന് സമീപം പൊതുദർശനത്തിന് വയ്ക്കും.