കറുകച്ചാൽ : ചീട്ടുകളിക്കിടെ പൊലീസിനെക്കണ്ട് ഭയന്നോടിയ കാനം പാതിപ്പാലം മരുതോലി വീട്ടിൽ ഷാജി (49) കിണറ്റിൽ വീണുമരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയായിരുന്നു സംഭവം. കാനം സെന്റ മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പള്ളിക്കത്തോട് പൊലീസ് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. സമീപത്തെ റബർതോട്ടത്തിൽ ചീട്ടുകളി നടക്കുന്നതറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവിടെ ഉണ്ടായിരുന്നവർ ഓടി. ഷാജി സമീപത്തെ ചുറ്റുമതിലില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിൽ ആരോ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പാമ്പാടിയിൽ നിന്ന് അഗ്‌നിശമനസേന എത്തി ഷാജിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ 2.30 ഓടെ മരിച്ചു. ഭാര്യ : സുമ. മകൻ: അഭിമന്യു.