കോട്ടയം : രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഒരു സെക്കൻഡിന്റെ അശ്രദ്ധമതി വിലപ്പെട്ട ജീവൻ പൊലിയാൻ എന്നതിന്റെ തെളിവാണ് കാളികാവ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് വ്യക്തമാക്കുന്നതാണ് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. അപകടത്തിന് ഏഴ് കാരണങ്ങളാണ് സ്ഥലം പരിശോധിച്ച എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം. തോമസും, രാമപുരം എം.വി.ഐ ഇ.സി പ്രദീപും മുന്നോട്ടു വയ്‌ക്കുന്നത്.
കാരണങ്ങൾ ഇങ്ങനെ
1.കാർ നൂറ് കിലോമീറ്ററിനു മുകളിൽ വേഗത്തിലായിരുന്നു. ഡ്രൈവർ ഉറങ്ങിയത് മൂലം, ആക്‌സിലേറ്ററിൽ കാൽ അമർന്ന് വേഗം കൂടിയതാവാം. സ്‌പീഡോമീറ്റർ 80 കടന്നാണ് നിന്നത്.
2.റോഡിൽ ബ്രേക്ക് ചെയ്‌തതിന്റെ പാടുകളില്ല. മുന്നിൽ വന്ന ലോറി ഡ്രൈവർ കണ്ടിട്ടേയില്ലെന്നും, ബ്രേക്ക് ചെയ്യാൻ ശ്രമിച്ചില്ലെന്നും ഇത് വ്യക്തമാക്കുന്നു.
3.മുന്നിലെ എയർബാഗ് രണ്ടും പൊട്ടിയിരുന്നു. 80 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ വാഹനം ഓടിയെങ്കിൽ മാത്രമേ എയർ ബാഗ് രണ്ടും പൊട്ടൂ.
4.പിന്നിലെ, രണ്ട് എയർബാഗും പ്രവർത്തിച്ചിരുന്നില്ല. പിന്നിലെ, യാത്രക്കാർ ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സീറ്റ് ബെൽറ്റ് ധരിച്ചെങ്കിൽ മാത്രമേ എയർബാഗുകൾ പ്രവർത്തിക്കൂ.
5.കാർ നേരിട്ട് ലോറിയ്‌ക്കടിയിലേയ്‌ക്കു ഇടിച്ചു കയറിയത് മരണവും, ആഘാതവും വർദ്ധിപ്പിച്ചു.
6.പിൻസീറ്റിലിരുന്ന യാത്രക്കാർ, സീറ്റ് അടക്കം മുന്നിലേയ്‌ക്കും പിന്നിലേയ്‌ക്കും എടുത്ത് അടിച്ചത് മരണ കാരണം.
7.രാത്രിയിൽ വാഹനമോടിച്ചുള്ള പരിചയം അർജുനില്ല
അപകടസ്ഥലത്ത് നിന്ന് വീട്ടിലേക്കുള്ള ദൂരം : 16 കിലോമീറ്റർ
ഇത് ചെയ്‌തിരുന്നെങ്കിൽ
വാഹനം ഓടിച്ചിരുന്ന അർജുനോട് യാത്രക്കാരിൽ ആരെങ്കിലും സംസാരിച്ചിരുന്നിരുന്നെങ്കിൽ ഉറക്കം ഒഴിവാക്കായിരുന്നു
ഉറക്കം വന്നിട്ടും, ഇപ്പോൾ വീട്ടിലെത്താം എന്ന് കരുതി അമിത വേഗത്തിൽ വാഹനം ഓടിച്ചു
ഉറക്കം വന്നപ്പോൾ വാഹനം നിറുത്തി, മുഖം കഴുകിയിരുന്നെങ്കിൽ അപകടമൊഴിവാകുമായിരുന്നു