rd

ചങ്ങനാശേരി: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്ന കൊടുങ്ങൂർ-മണിമല റോഡ് വികസനത്തിന് 'കല്ലുകടി"യായി അടങ്കൽ തുക കുറച്ചു. 10 കോടി രൂപ അടങ്കൽ പ്രതീക്ഷിച്ച റോഡിന് ആറുകോടി രൂപയാക്കിയാണ് കുറച്ചത്. അതുകൊണ്ട് വർഷങ്ങളായി തകർന്ന നിലയിലായിരുന്ന റോഡിൽ വികസന പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഒൻപതര കിലോമീറ്റർ ദൂരമുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിലാണ് പുനർനിർമ്മിക്കുന്നത്. നിരപ്പാക്കൽ, ഓട, കലുങ്ക് തുടങ്ങിയവയുടെ നിർമ്മാണം 80 ശതമാത്തോളം പൂർത്തിയായിരുന്നു. എന്നാൽ ഫണ്ടിൽ കുറവ് വന്നതോടെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്തുവകുപ്പ്. ഇതിന്റെ ഭാഗമായി ഓടകളുടെയും നടപ്പാതകളുടെയും നേരത്തെ നിശ്ചയിച്ചിരുന്ന നീളവും വീതിയും കുറച്ചായിരിക്കും നിർമ്മാണം നടത്തുക. വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ കലുങ്ക്, ഓടകൾ തുടങ്ങിയവ നിർമ്മിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇതും പരിമിതപ്പെടുത്തി. പ്രധാന ഭാഗങ്ങളിൽ മാത്രമായിരിക്കും ഓട നിർമ്മാണം. കലുങ്ക് നിർമ്മാണവും പരിമിതപ്പെടുത്തി. വേഗ നിയന്ത്രണ സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളും വെട്ടിച്ചുരുക്കി. കൂടാതെ റോഡിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം ഇന്റർലോക്ക് പാകിയ നടപ്പാതകൾ നിർമ്മിക്കാനുള്ള പദ്ധതിയും ഒഴിവാക്കി. സംരക്ഷണ മതിൽ നിർമ്മാണവും കോൺക്രീറ്റിംഗും ഉപേക്ഷിച്ചു. ഫണ്ട് കുറച്ചതാണ് വികസനപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായത്. രണ്ട് ഘട്ടങ്ങളിലായി രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.