പാലാ: താലൂക്ക് വികസന സമിതി യോഗത്തിൽ ' ജോയ് കളരിക്കൻ ഓൺ സ്പീക്കിംഗ് ....! മീനച്ചിൽ താലൂക്ക് വികസന സമിതി യോഗം എന്നു നടന്നാലും അന്ന് കറന്റുണ്ടാവില്ല. അതു കൊണ്ടു തന്നെ മൈക്ക് പ്രവർത്തിപ്പിക്കാനും കഴിയാറില്ല. സദസ്സിന്റെ പുറകിലിരിക്കുന്നവർക്ക് വേദിയിൽ പറയുന്ന കാര്യങ്ങളൊന്നും കേൾക്കാനും പറ്റില്ല. ഇതു കണ്ട് കണ്ട് പൊറുതി മുട്ടി ഇന്നലെ ഒരു വികസന സമിതി അംഗം യോഗത്തിനെത്തിയത് ആധുനിക മോഡൽ കോഡ് ലെസ് മൈക്കും, സ്പീക്കറുമായി !
പാലാ പൗരാവകാശ സമിതി പ്രസിഡന്റുകൂടിയായ താലൂക്ക് വികസന സമിതിയംഗം ജോയി കളരിക്കലാണ് പുതുതായി വാങ്ങിയ മൈക്കും സ്പീക്കറുമായി ഇന്നലെ താലൂക്ക് വികസന സമിതി യോഗത്തിലെത്തിയത്. 'പതിവു പോലെ' കറന്റ് പോയതിനാൽ മീനച്ചിൽ തഹസീൽദാർ വി.എം. അഷറഫ് ഉൾപ്പെടെയുള്ളവർ പിന്നീട് കാര്യങ്ങൾ വിശദീകരിച്ചത് ജോയിയുടെ മൈക്കുപയോഗിച്ച് . രണ്ടു മണിക്കൂറോളം ജോയിയുടെ മൈക്കുപയോഗിച്ചാണ് യോഗം മുന്നോട്ടു പോയത്. ഇത് അവസാനിക്കവെ യോഗത്തിന് മൈക്കുമായെത്തിയ ജോയി കളരിക്കലിന് സമ്മേളനത്തിൽ പങ്കെടുത്ത റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നന്ദി പറയുകയും ചെയ്തു. കറന്റ്, ചാർജ് ചെയ്യാവുന്ന തരത്തിലുള്ള സ്പീക്കറിനും മൈക്കിനും പതിനായിരത്തോളം രൂപയായി. നേരിട്ട് കറന്റിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഈ മൈക്ക് സെറ്റ് ഉപയോഗിക്കാൻ പ്രത്യേക അനുമതിയും ആവശ്യമില്ല. തുടർന്നും താൻ പങ്കെടുക്കുന്ന ചെറിയ ചെറിയ യോഗങ്ങളിൽ സ്വന്തം മൈക്ക് സെറ്റുമായി പോകാനാണ് ജോയിയുടെ പ്ലാൻ.