jci

സമൂഹത്തിന്റെ ഏ​റ്റവും അടിത്തട്ടിൽ കഴിയുന്നവർക്കും ജീവിക്കുവാൻ ആവശ്യമായ മിനിമം അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുമ്പോൾ മാത്രമേ ജനാധിപത്യം അർത്ഥപൂർണ്ണമാകൂവെന്ന് അഭിപ്രായപ്പെട്ട മഹാത്മജിയാണ് കഴിഞ്ഞ നൂ​റ്റാണ്ട് ദർശിച്ച ലോകത്തെ ഏ​റ്റവും വലിയ രാഷ്ടീയ നേതാവും മനുഷ്യ സ്‌നേഹിയുമെന്ന് മിസ്സോറാം ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. മിസ്സോറാമിലെ പല പ്രദേശങ്ങളിലും ഇന്നും ടാറിട്ട റോഡുകൾ പോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളുടെ സമ്പൂർണ്ണ വികസനത്തിലൂടെ മാത്രമേ ഭാരതത്തെ പുന: നിർമ്മിക്കാനാവൂ .ജെ സി ഐ ഇന്റർ നാഷണർ, സോൺ 22 ,വൈക്കം ചാപ്റ്റർ എന്നിവയുടെ ആഭിമുഖ്യത്താൽ നടത്തുന്ന ദർശൻ 150 വൈക്കം ശ്രീ മഹാദേവ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മജിയുടെ നൂ​റ്റി അൻപതാം ജന്മവാർഷികം പ്രമാണിച്ച് ഗാന്ധി രക്തസാക്ഷിത്വ ദിനം മുതൽ ഗാന്ധി ജയന്തി വരെയുള്ള പത്ത് മാസം നീളുന്ന ബൃഹദ് പരിപാടികളാണ് ദർശൻ 150 ന്റെ ഭാഗമായി നടപ്പിലാക്കുന്നത് . 150 കോളേജ് / സ്‌കൂളുകളിൽ ട്രെയിനിംഗുകൾ ,25 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗാന്ധി പ്രതിമ സ്ഥാപിക്കൽ , ഒരാൾ 48 ദിവസക്കൊണ്ട് 9600 കിലോമീ​റ്റർ സൈക്കിളിൽ സഞ്ചരിച്ച് ഹിമാലയം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ഗാന്ധിയൻ ആശയ പ്രചരണം തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
സമ്മേളനത്തിൽ ജെസിഐ സോണൽ ചെയർമാൻ ജെയിംസ് കെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഡയറക്ടർ അഡ്വ. പി കെ സിദ്ദിഖ് , ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് , മുനിസിപ്പൽ ചെയർപേഴ്‌സൺ ഇന്ദിരാ ദേവി , ഫോക്കസ് ഏരിയ ചെയർമാൻ വിനോദ് ശ്രീധർ ,ചാപ്റ്റർ പ്രസിഡന്റ് രൂപഷ് ആർ മേനോൻ , സെക്രട്ടറി മനു മോഹൻ , കോളേജ് പ്രിൻസിപ്പൽ പ്രൊഫ: സെ​റ്റിന പി പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.