pathaka-kayimarri

വൈക്കം : പൗരത്വനിയമ ഭേദഗതി ബിൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ഡയാണെന്നും ഇത് നടപ്പാക്കി ഇന്ത്യയിലെ ജനങ്ങളെ പലതട്ടുകളിലാക്കി കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണെന്നും മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭ ജാഥ കാട്ടിക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി, സ്വാതന്ത്യം, ജനാധിപത്യം, മതേതരത്വം എന്നിവയുടെ സംരക്ഷണത്തിന് യോജിക്കാവുന്ന എല്ലാ കക്ഷികളെയും ചേർത്തു നിറുത്തി ഗാന്ധിയൻ മാർഗത്തിൽ ശക്തമായ പോരാട്ടം നടത്തും. കേരളത്തിൽ വികസനരംഗം പാടെ സ്തംഭനത്തിലാണ്. സാമ്പത്തിക പരാജയം മൂലം പലക്ഷേമപദ്ധതികളും നിലച്ചെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ 9 നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് 18 ദിവസം നീളുന്ന പ്രക്ഷോഭ ജാഥ. തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി. പി. സിബിച്ചൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്റിമാരായ കെ. സി. ജോസഫ്, കെ. ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, ഫിലിപ്പ് ജോസഫ്, ഡോ. പി. ആർ. സോന, അഡ്വ. ടോമി കല്ലാനി, ജെയ്‌സൻ ജോസഫ്, പെരിയ ബാലകൃഷ്ണൻ, അക്കരപ്പാടം ശശി, കെ. വി. മനോഹരൻ, ബിജു പുന്നത്താനം, ജോബോയ് ജോർജ്ജ്, പി. വി. പ്രസാദ്, ജോസി സെബാസ്റ്റ്യൻ, ജെയ്‌ജോൺ പേരയിൽ എന്നിവർ പ്രസംഗിച്ചു.