ഈരാറ്റുപേട്ട : പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ എല്ലാ വീടുകളിലും തുണിസഞ്ചി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2000 കുട്ടികൾക്ക് തുണിസഞ്ചി വിതരണം ചെയ്തു. ഹരിത കേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമ വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌പോൺസർമാരുടെ സഹകരണത്തോടെയാണ് നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും തുണിസഞ്ചി എത്തിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനമേർപ്പെടുത്തിയതിനെത്തുടർന്നാണ് ബദൽ മാർഗമെന്ന നിലയിൽ നഗരസഭ തുണി സഞ്ചികൾക്ക് പ്രചാരം നൽകുന്നത്. നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

സ്‌കൂളുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവ മുഖേന നഗരസഭ തുണി സഞ്ചികൾ വിതരണം ചെയ്യും. പരിപാടിയോടനുബന്ധിച്ച് എം.ജി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ്‌സ് പൊലീസിന്റെ ആഭിമുഖ്യത്തിൽ തുണിയിൽ നിർമ്മിച്ച കാരി ബാഗുകളുടെ പ്രദർശനവും നടന്നു. മാലിന്യ സംസ്‌കരണ ബോധവത്കരണത്തിനായി നഗരസഭ നിർമിച്ച ഹ്രസ്വചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു. നഗരസഭ ചെയർമാൻ വി.എം സിറാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ബൽക്കീസ് നവാസ്, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.എം.ഐ. ഖാദർ തുടങ്ങിയവർ പങ്കെടുത്തു.