praeen-

കോട്ടയം : കണ്ണീരോടെ കാത്തു നിൽക്കുന്ന ആൾക്കൂട്ടത്തിന് നടുവിലേക്ക് പ്രവീൺ വന്നിറങ്ങി. നിറഞ്ഞ വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേയ്‌ക്കാണ് ഒറ്റ രാത്രികൊണ്ട് ആ മനുഷ്യൻ വന്നു വീണത്. എന്നും, ഒപ്പമുണ്ടായിരുന്ന മാതാവും പിതാവും, ഭാര്യയും.. ഏറെ പ്രിയപ്പെട്ട മകനും ഇനി തിരികെ വരില്ലെന്നറിഞ്ഞതോടെ ഒന്നു കരയാനുള്ള ധൈര്യം പോലും ആ മനസിനില്ലായിരുന്നു. കുവൈറ്റിൽ നിന്ന് തിരുവാതുക്കൽ ആൽത്തറ വീട്ടിൽ മടങ്ങിയെത്തിയ പ്രവീൺ ഇനി ആ വലിയ വീട്ടിൽ തനിച്ചാണ്.

കുറവിലങ്ങാട് കാളികാവിലുണ്ടായ അപകടത്തിൽ മരിച്ച തമ്പിയുടെയും, വത്സലയുടെയും മകനാണ് പ്രവീൺ. ഭാര്യ പ്രഭയും, മകൻ അമ്പാടി എന്ന അർജുനും, ഭാര്യാ മാതാവ് ഉഷയുമാണ് അപകടത്തിൽ മരിച്ചത്.

കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്ന പ്രവീണിനെ, അപകടവിവരം അറിയിച്ചെങ്കിലും എല്ലാവരും മരിച്ചത് പറഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് പ്രവീൺ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയത്. പതിവിന് വിപരീതമായി നാട്ടുകാരാണ് വിമാനത്താവളത്തിൽ പ്രവീണിനെ കൂട്ടാൻ എത്തിയത്. വിമാനത്താവളം മുതൽ വീട്ടിലെത്തും വരെയും പ്രവീണിന് അറിയേണ്ടത് മകൻ അമ്പാടി എവിടെ എന്നായിരുന്നു. ആൾക്കൂട്ടത്തിനു നടുവിലൂടെ, വീടിനുള്ളിലേയ്‌ക്കു പ്രവീൺ കയറിയതും, അയൽവാസിയായ അഭിലാഷ് അപകടത്തിൽ എല്ലാവരും മരിച്ച വിവരം അറിയിച്ചു. കെട്ടിപ്പിടിച്ച് , കണ്ണീരോടെ പ്രവീണിന് ചോദിക്കാനുണ്ടായിരുന്നത് ഒന്നു മാത്രമായിരുന്നു - അമ്പാടിയും പോയോടാ...