കോട്ടയം : എം സി റോഡിൽ വാഹനങ്ങൾ തമ്മിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചക്ക് 1.30 ഓടെ വട്ടമൂട് പാലം ജംഗ്ഷനിലായിരുന്നു സംഭവം. ഓട്ടോ ഓടിച്ചിരുന്നവരായ ചൂട്ടുവേലിയ്ക്കു സമീപം ഹോട്ടൽ നടത്തുന്ന പെരുമ്പായിക്കാട് ഇരുട്ടുമാലി അബ്ദുൾ സാലി (60), വൈക്കം ചേറുമാലിൽ താഷിം (45), സ്‌കൂട്ടർ യാത്രികയായ കീഴുകുന്ന് താന്നിക്കപ്പറമ്പിൽ റീന (38) എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചശേഷം ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. മൂന്ന്‌പേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനായ യുവാവിനു സാരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടയം ഭാഗത്തു നിന്നു ഹോട്ടലിലേക്കു പച്ചക്കറിയും വാങ്ങി പോകുകയായിരുന്ന സാലിയുടെ ഓട്ടോറിക്ഷ, വട്ടമൂട് ഭാഗത്തു നിന്നു എം.സി. റോഡിലേക്കു കയറിയ സ്‌കൂട്ടറിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം വട്ടംകറങ്ങി വീണ്ടും സ്‌കൂട്ടറിൽ ഇടിച്ചു. വൈക്കത്തു നിന്നു വന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തിൽ മെഡാൾസ്‌കാനിങ്ങ് സെന്ററിന്റെ കോമ്പൗണ്ടിലേക്കു ഇടിച്ചു കയറുകയും മുമ്പിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചശേഷം ഇവിടെ പാർക്ക് ചെയ്തിരുന്ന മറ്റു രണ്ടു ബൈക്കുകളിൽ ഇടിച്ചാണു നിന്നത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽനടികൾ സ്വീകരിച്ചു.