s

പാലാ: അദ്ധ്യാപകവൃത്തിയിലൂടെ പ്രശസ്തനായ ഡോ. സ്റ്റാലിൻ കെ. തോമസിന് 'ഇന്റർനാഷണൽ ബെസ്റ്റ് എഡ്യൂക്കേറ്റർ 2020" അവാർഡ് ലഭിച്ചു. ജനുവരി എട്ടിന് ബാംഗ്ലൂരിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ അയാട്ടാ ഇന്റർനാഷണലിന്റെ ഓഫീസർമാരായ ഡോ. ടിം അലൻ ഓസിയോവി (വാൻക്യൂവർ,കാനഡ), ഡോ.ആൻഡ്രൂ വിൽസൺ (ബ്രിട്ടീഷ് കൊളംബിയ,കാനഡ), ഡോ.ജെയിംസ് തോമസ് (മുൻ വൈസ് ചാൻസിലർ,ഡി.വൈ പാട്ടീൽ യൂണിവേഴ്‌സിറ്റി, നവി മുംബൈ), ഡോ.ബാബു പി. തോമസ് (ന്യൂയോർക്ക്, യു.എസ്.എ. )എന്നിവർ ചേർന്ന് അവാർഡ് നൽകി. 2018ൽ ഫിലിപ്പീൻസിലെ മനിലയിൽ വച്ച് മറ്റൊരു ഇന്റർനാഷണൽ അവാർഡും ഇദ്ദേഹം നേടിയിട്ടുണ്ട്. മേലുകാവ് (പാണ്ട്യമ്മാവ്) കൊച്ചുമൂട്ടിൽ (ചൂണ്ടിയാനിയിൽ) പരേതനായ കെ. എം.തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. 1989ൽ ഡൽഹിയിൽ അദ്ധ്യാപകനായി. ഡൽഹി, മദ്ധ്യപ്രദേശ്,കേരളം, കൊൽക്കത്ത എന്നിവിടങ്ങളിലായി 30 വർഷം അദ്ധ്യാപകനായി ജോലി ചെയ്തു. നിരവധി രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു. കൊൽക്കത്തയിലാണ് താമസം. 2007ൽ കൊൽക്കത്തയിൽ ഇദ്ദേഹവും ഭാര്യയും ചേർന്ന് 'ബഥേൽ" ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആരംഭിച്ചു. തിയോളജി, ഇംഗ്ലീഷ് സാഹിത്യം, മനശാസ്ത്രം എന്നിവയിൽ മാസ്റ്റർ ബിരുദവും മനഃശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ടാംവർഷ മാസ്റ്റർ വിദ്യാർത്ഥിയുമാണ്.കഴിഞ്ഞ 13 വർഷങ്ങളായി ലയൺസ് ക്ലബ് ഇന്റർനാഷണൽ (ഗാജോൾ ലയൺസ് ക്ലബ്) അംഗവും, ഇപ്പോൾ ഡയറക്ടറുമാണ്. എമി, സ്റ്റാലിൻ എന്നിവരാണ് മക്കൾ.