ചങ്ങനാശേരി: താലൂക്കിലെ വിധ ഭാഗങ്ങളിൽ പന്നിഫാമുകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന ആരോപണം ശക്തമാകുന്നു. ജനവാസ കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ഫാമുകൾ കൂടുതലായും പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. ഇവിടെ നിന്നുള്ള ദുർഗന്ധവും മാലിന്യങ്ങളും വർദ്ധിച്ചത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. പഞ്ചായത്തിൽ നിന്ന് ഇവ പ്രവർത്തിക്കാൻ നല്കുന്ന ലൈസൻസ് മിക്ക ഫാമുകൾക്കും ഇല്ല. നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ, വാഴൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം ഫാമുകൾ പ്രവർത്തിക്കുന്നത്. മുപ്പതോളം അനധികൃത ഫാമുകളാണ് വിവിധ പ്രദേശങ്ങളിലുള്ളത്. ആരോഗ്യവകുപ്പും പഞ്ചായത്തുകളും പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ലൈസൻസ് പ്രധാനം; എന്നിട്ടും
ഫാമുകൾ പ്രവർത്തിക്കുന്നതിന് പഞ്ചായത്ത് നൽകുന്ന ലൈസൻസ് നിർബന്ധമാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിൽ ആദ്യം അപേക്ഷ നൽകിയശേഷം അധികൃതർ സ്ഥലം പരിശോധിച്ച ശേഷം അനുയോജ്യമെന്ന് ഉറപ്പുവരുത്തിയതിനു ശേഷം സർട്ടിഫിക്കറ്റുകൾ നൽകും. ഈ സർട്ടിഫിക്കറ്റുകൾ പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് മുറയ്ക്ക് ലൈസൻസ് ലഭിക്കും. എന്നാൽ ഇത്തരം നടപടിക്രമങ്ങൾ പാലിക്കാതെയാണ് പന്നിഫാമുകൾ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.
മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ല
പുരയിടങ്ങൾ, റബർതോട്ടങ്ങൾ, തോട്ടുപുറമ്പോക്ക്, തുടങ്ങിയ സ്ഥലങ്ങളിലാണ് ഫാമുകൾ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ യഥാസമയം സംസ്‌കരിക്കാൻ സംവിധാനങ്ങളില്ല. പറമ്പുകളിലെ താത്കാലിക കുഴികളിലും മറ്റുമാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇത് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലാണ്