കോട്ടയം : രാത്രിയിൽ വണ്ടിയോടിക്കാൻ ഇറങ്ങുന്നവർ സ്വയം പരിശീലിച്ചുകൊള്ളുക, നിങ്ങളെ രക്ഷിക്കാൻ ആരുമുണ്ടാകില്ല. ഡ്രൈവിംഗ് സ്‌കൂളുകളുടെ പാഠ്യപദ്ധതിയിൽ രാത്രിയിലെ ഓട്ടം ഇല്ലതാനും. ചങ്കൂറ്റവും ആത്മധൈര്യവും കൊണ്ടാണ് പല ഡ്രൈവർമാരും രാത്രിയിൽ വാഹനം ഓടിക്കാനിറങ്ങുന്നത്. ശ്രദ്ധ അല്പമൊന്നു പാളിയാൽ അപകടം ഉറപ്പ്. വർഷങ്ങൾക്കു മുൻപുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴും ഡ്രൈവിംഗ് സ്‌കൂളുകളിലുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് എച്ച് എടുക്കുക എന്ന 'വലിയ കടമ്പയാണ് '. ഇതിനു ശേഷം റോഡ് ടെസ്റ്റ് കൂടി പൂർത്തിയായാൽ ഡ്രൈവിംഗ് പഠനം കഴിഞ്ഞു. ലൈസൻസും കിട്ടി പഠിച്ച് പാസായി റോഡിലിറങ്ങുന്നയാൾക്ക് രാത്രിയിൽ എങ്ങിനെ വാഹനം ഓടിക്കണമെന്ന് അറിയില്ല. ലൈറ്റ് ഡിം ചെയ്യണോ, ബ്രൈറ്റ് ചെയ്യണോ എന്ന ബാലപാഠം പോലും അറിയാത്തവരാണേറെയും. ലേണേഴ്സ്‌ ടെസ്റ്റിലും, ക്ലാസിലും രാത്രി യാത്രയെപ്പറ്റി കാര്യമായി പരാമർശങ്ങളില്ല. പരിശീലനസമയം കൂട്ടണം ഡ്രൈവിംഗ് സ്‌കൂളുകൾക്കു പരിശീലനത്തിനു നൽകിയിരിക്കുന്ന സമയം, രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഈ സാഹചര്യത്തിൽ തങ്ങൾ എങ്ങിനെ ശിഷ്യന്മാർക്ക് രാത്രിയാത്രയുടെ പാഠം പകർന്നു നൽകുമെന്നാണ് ആശാന്മാരുടെ ചോദ്യം.