വിജയപുരം : ഗ്രാമപഞ്ചായത്തിലെ പെരിങ്ങള്ളൂർ കുടിവെള്ള പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. മോസ്‌കോ പമ്പ് ഹൗസിൽ നിന്നെത്തിക്കുന്ന വെള്ളം 100 കുടുംബങ്ങൾക്ക് ദിവസേന രണ്ടു മണിക്കൂർ വീതം ലഭിക്കും. ഒരു വീടിന് 500 ലിറ്റർ വെള്ളം സംഭരിക്കാനാവും. എം.എൽ.എ ഫണ്ടിൽ നിന്ന് 33.90 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പെരിങ്ങള്ളൂർ എൽ.പി സ്‌കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ്, വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയിൽ, പഞ്ചായത്തംഗം ജോർജ് എം.ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.