കോട്ടയം : ദേശീയ വിരമുക്തി ദിനത്തോടനുബന്ധിച്ച് 10 ന് ജില്ലയിൽ 4.27 ലക്ഷം കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ഗുളിക നൽകും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ഒന്ന് മുതൽ 19 വയസുവരെയുള്ള കുട്ടികൾക്കാണ് കുട്ടികൾക്കാണ് ആൽബൻഡസോൾ ഗുളിക നൽകുക. 926 സ്‌കൂളുകൾ, 297 പ്രീപ്രൈമറി സ്‌കൂളുകൾ, 2050 അങ്കണവാടികൾ, 56 ഡേ കെയർ സെന്ററുകൾ, 24 കോളേജുകൾ എന്നിവയ്ക്ക് പുറമെ സ്‌പെഷ്യൽ സ്‌കൂളുകൾ, എം.ആർ.എസ്, ബാലഭവൻ, പോളിടെക്‌നിക്, ഐ.ടി.ഐ, പാരലൽ കോളേജുകൾ എന്നിവിടങ്ങളിലും ഗുളിക വിതരണം ചെയ്യും. അദ്ധ്യാപകരുടേയും ആരോഗ്യപ്രവർത്തകരുടേയും നേതൃത്വത്തിലുളള ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ലൂർദ്ദ് പബ്ലിക് സ്‌കൂളിൽ നടക്കും.

ഗുളിക വിതരണത്തിനുളള ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. പരിപാടിയുടെ പ്രചാരണത്തിനായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം കളക്ടർ നിർവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. രാജൻ, ആർ.സി.എച്ച് ഓഫീസർ ഡോ. സി.ജെ. സിത്താര, മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ. ശോഭ തുടങ്ങിയവർ പങ്കെടുത്തു.

ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

അങ്കണവാടിയിൽ പോകാത്തതും സ്വകാര്യ നഴ്‌സറികളിൽ പഠിക്കുന്നതുമായ കുട്ടികൾക്ക് അങ്കണവാടികളിൽ ഗുളിക നൽകും. ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. പനിയോ, ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന മറ്റ് അസുഖങ്ങളോ ഇല്ലാത്ത കുട്ടികളും ഏതാനും ആഴ്ചകൾക്കു മുമ്പ് വിരക്കെതിരെ മരുന്ന് കഴിച്ചവരും ഗുളിക കഴിക്കേണ്ടതാണന്ന് ജില്ലാ മെഡിക്കൽ ഒഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.