പാലാ: ഓടി തേഞ്ഞ തങ്ങളുടെ അറുപഴഞ്ചൻ വണ്ടി മാറ്റി പുതിയ വാഹനം അനുവദിച്ചു തന്ന മാണി. സി. കാപ്പൻ എം.എൽ.എ യോട് നന്ദി പറയാൻ , പാലാ കൺട്രോൾ റൂം പൊലീസ് ഇന്നലെ രാവിലെ എം.എൽ.എയുടെ വസതിയിലെത്തി. സീനിയർ എസ്. ഐ. ഷാജി സെബാസ്റ്റ്യൻ, എസ്. ഐ. ദേവനാഥൻ എന്നിവരുൾപ്പെട്ട സംഘമാണ് നേരിട്ടെത്തി എം.എൽ.എയോട് നന്ദി പറഞ്ഞത്. പാലാ പൊലീസ് സ്റ്റേഷനിലേക്ക് പുതിയൊരു വാഹനം കൂടി അനുവദിച്ചിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ ഇത് സ്റ്റേഷന് ലഭ്യമാക്കുമെന്നും മാണി. സി. കാപ്പൻ പറഞ്ഞു. നാശോന്മുഖമായ പഴയ വാഹനം മാറ്റി പാലാ പൊലീസ് കൺട്രോൾ ടീമിന് പുതിയ വാഹനം എത്തിച്ചപ്പോഴാണ് സ്‌റ്റേഷനിലെ വാഹനവും പഴയതാണെന്ന് എം.എൽ.എയ്ക്ക് വിവരം കിട്ടിയത് . ഇതോടെ സ്റ്റേഷനിലേയ്ക്കും പുതിയ വാഹനമെത്തിക്കാൻ മാണി. സി. കാപ്പൻ ഇടപെടുകയായിരുന്നു.