ചിങ്ങവനം : ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ലോറി ഡ്രൈവർ തിരുവനന്തപുരം മാർത്തണ്ഡം സ്വദേശി ഗോമതി നായകം (37) ആണ് പരിക്കേറ്റത്. ചിങ്ങവനം പുത്തൻപാലത്തിന് സമീപം ഇന്നലെ വൈകിട്ട് 8.30 ടെയായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്ന് മൈദകയറ്റി വന്ന ലോറി പുത്തൻപാലത്തിന് സമീപം, മുമ്പിൽ കടന്നുപോയ ബൈക്ക് ബ്രേക്കിടുന്നതു കണ്ട് ലോറി ബ്രേക്കിടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. അപകടം പതിവായ ഇവിടെ അമിത വേഗത നിയന്ത്രിക്കാൻ ചിങ്ങവനം പൊലീസ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് പ്രാവർത്തികമായി വരുന്നതിനിടെയാണ് ഇന്നലെ വീണ്ടും അപകടം ഉണ്ടായത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.