കോട്ടയം: ജില്ലയിലെ പുഴകളെ നേർവഴികാട്ടാൻ രൂപീകരിച്ച മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിക്ക് പിൻതുണയുമായി മോഹൻലാൽ. തരിശായിക്കിടക്കുന്ന പാടശേഖരങ്ങളെ നെല്ലിന്റെ പച്ചപ്പ് പുതപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മോഹൻലാൽ എത്തിയത്. കോട്ടയം സ്വദേശിയും ചലച്ചിത്ര നിർമ്മാതാവുമായ സന്തോഷ് ടി.കുരുവിളയിൽ നിന്ന് നദി പുനർ സംയോജന പദ്ധതിയുടെ പ്രവർത്തനങ്ങൾ മനസിലാക്കിയതിനെ തുടർന്ന് ജനകീയ കൂട്ടായ്മയുമായി സഹകരിക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം ക്ഷണം സ്വീകരിച്ചെത്തിയത്.
സി.എം.എസ് കോളേജിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ രണ്ടാം വാർഷിക സുവനീർ കോ - ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാറിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും നടന്നു. പ്രൊഫ. ജേക്കബ് ജോർജ്,ഷാജിമോൻ വട്ടപ്പള്ളിൽ, ഡോ. പുന്നൻ കുര്യൻ വെങ്കടത്തു, നിർമാതാവ് സന്തോഷ് ടി കുരുവിള, മുഹമ്മദ് ഷെരീഫ്, അഡ്വ. ജോസ് സിറിയക്, മുഹമ്മദ് സാജിദ്, കെ.കെ. അൻസാർ, ലാൽജി വി.സി തുടങ്ങിയവർ പങ്കെടുത്തു.