കോട്ടയം: കോൺക്രീറ്റ് പാളികൾ പൊട്ടിപ്പൊളിഞ്ഞ്, കമ്പി തെളിഞ്ഞു നിൽക്കുന്ന തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകൾ യാത്രക്കാർക്കും ബസുകൾക്കും ഭീഷണിയാകുന്നു. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ സ്റ്റാൻഡിലെ കമ്പികൾ യാത്രക്കാരുടെ കാലുകളിൽ തുളഞ്ഞുകയറുമെന്ന് ഉറപ്പാണ്. അതുപോലെ ബസുകളുടെ ടയറുകൾക്കും ഇതു നാശം വരുത്തും. തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകൾ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ആറു മാസത്തിലേറെയായി. തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ സ്ഥിതിയാണ് ഏറെ പരിതാപകരം. സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്നയിടം പൂർണമായി തകർന്നു. തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് വൻ ഭീഷണി ഉയർത്തി മദ്ധ്യഭാഗത്തായി കോൺക്രീറ്റ് തകർന്ന്, കമ്പികൾ പുറത്തെത്തി. ബസിൽ നിന്നും ഇറങ്ങുന്ന യാത്രക്കാർ ഇത്തരംകമ്പികൾ ശ്രദ്ധിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ അപടസാദ്ധ്യതയും ഏറെയാണ്. നാഗമ്പടം ബസ് സ്റ്റാൻഡിൽ ആറിടത്താണ് റോഡ് തകർന്ന് കമ്പികൾ പുറത്തു തെളിഞ്ഞു നിൽക്കുന്നത്.
കത്ത് നൽകിയിട്ട് ആറു മാസം, നടപടിയെടുക്കാതെ നഗരസഭ
നാഗമ്പടം തിരുനക്കര ബസ് സ്റ്റാൻഡുകളിലെ കോൺക്രീറ്റ് ഇളകിത്തെറിച്ചത്, നന്നാക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കു മുൻപു തന്നെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നഗരസഭയ്‌ക്കു കത്തു നൽകിയിരുന്നു. ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ സ്റ്റാൻഡിന്റെ അറ്റകുറ്റപണികൾ നടത്താം എന്ന ഉറപ്പ് നഗരസഭ അധികൃതർ നൽകിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല
തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകളിൽ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്ത്
ഉടൻ നടപടിയെടുക്കണം
റോഡ് നന്നാക്കാൻ നഗരസഭ അധികൃതർ നടപടിയെടുക്കണം. ഇല്ലെങ്കിൽ വൻ ദുരന്തമാകും കാത്തിരിക്കുക. സ്റ്റാൻഡിലെ കമ്പികൾ യാത്രക്കാർക്കും ബസുകൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. നാലു വർഷത്തോളമാണ് രണ്ടു സ്റ്റാൻഡുകളും കോൺക്രീറ്റ് ചെയ്‌തിട്ട് --
എസ്.സുരേഷ്
ജില്ലാ സെക്രട്ടറി
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
ടയറുകൾക്കും ഭീഷണി
ഈ കമ്പികൾ ബസുകളുടെ ടയറുകളിൽ തുളഞ്ഞു കയറിയാൽ ടയറിന്റെ നിലവാരം മോശമാകും. ടയർ ഉപയോഗിക്കാനുള്ള കാലാവധിയും കുറയും. ഇത് മാത്രമല്ല, ഓട്ടത്തിൽ ടയറിന് തകരാറുണ്ടായാൽ ഇത് അപകട സാദ്ധ്യതയും വർദ്ധിപ്പിക്കും