തൊടുപുഴ: തമിഴ്നാട് - കേരള അതിർത്തിയായ കുരങ്ങണിയിൽ വെടിയേറ്റ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നായാട്ടുസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് നായാട്ടുസംഘത്തിലെ മറ്റ് രണ്ട് പേരെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. തോണ്ടിമല സ്വദേശി മാരിയപ്പൻ (58) ആണ് കൊല്ലപ്പെട്ടത്. മാരിയപ്പനൊപ്പം നായാട്ടുസംഘത്തിലുണ്ടായ രാജകുമാരി സ്വദേശികളായ സാജു (40), രാജേഷ് (42) എന്നിവരാണ് ശാന്തൻപാറ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഘത്തിന്റെ വെടിയേറ്റ കാട്ടുപോത്ത് പിന്നീട് ചത്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കുരങ്ങണിക്ക് സമീപം പുലിക്കുന്നിലെത്തിയ കാട്ടുപോത്തിന് നേർക്ക് സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് വീണ കാട്ടുപോത്തിന് അരികിലേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. മറ്റ് രണ്ട് പേർ ഓടിമാറിയെങ്കിലും മാരിയപ്പന്റെ അരയ്ക്ക് താഴെ കാത്തുപോത്തിന്റെ കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാരിയപ്പനെ സാജുവും രാജേഷും ചുമന്നാണ് വനത്തിന് പുറത്തെത്തിച്ചത്. തുടർന്ന് വാഹനത്തിൽ തേനി മെഡിക്കൽകോളേജി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷമാണ് മാരിയപ്പൻ മരിച്ചത്. പുരയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചതെന്നാണ് സാജുവും രാജേഷും ആശുപത്രി അധികൃതരെ അറിയിച്ചത്. തുടർന്ന് ശാന്തൻപാറ പൊലീസെത്തി ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് യഥാർത്ഥ സംഭവം പുറത്തായത്. തമിഴ്നാട് കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സംഭവസ്ഥലം സന്ദർശിക്കും.