കോട്ടയം: ഇനി സീസണാണ്. താറാവ് കർഷകരുടെ എല്ലാ പ്രതീക്ഷയും വിഷു, ഈസ്റ്റർ വിപണിയിലാണ്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമായി ആയിരത്തിലേറെ താറാവ് കർഷകരുണ്ട്. പ്രതീക്ഷയോടെ വരാനിരിക്കുന്ന വിഷു,ഈസ്റ്റർ വിപണിയെ നോക്കികാണുമ്പോഴും കർഷകരുടെ ഉള്ളിൽ ആധിയുണ്ട്. കനത്തചൂട് ചതിക്കുമോ എന്ന പേടി രണ്ട് വർഷം മുമ്പുണ്ടായ മഹാപ്രളയത്തിൽ കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും താറാവ് കൃഷി പൂർണ്ണമായും നശിച്ചിരുന്നു. പ്രളയത്തെത്തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം കാരണം ഭൂരിപക്ഷം കർഷകരും താറാവ് കൃഷിയിൽ നിന്ന് വിട്ടുനിന്നിരുന്നു. അന്ന് ലാഭം കൊയ്തത് തമിഴ്‌നാട് ലോബിയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള താറാവുകളാണ് പിന്നീട് മലയാളിയുടെ തീൻമേശയിൽ ഇടംപിടിച്ചത്. അതേസമയം, ഇത്തവണ ഈസ്റ്റർ ലക്ഷ്യമാക്കി താറാവുകളെ വളർത്തുമ്പോഴും കർഷകർക്ക് കാര്യങ്ങൾ അത്ര അനുകൂലമല്ല. ചൂട് കൂടുന്നതിനാൽ രോഗസാധ്യതയും ഏറെയാണ്. രോഗപ്രതിരോധത്തിനുള്ള കുത്തിവയ്പ് കൃത്യസമയത്ത് ലഭിക്കാത്തതും കർഷകരെ വലയ്ക്കുന്നുണ്ട്. പ്രളയത്തിന് ശേഷം കുട്ടനാട്ടിലും മറ്റും വൻതോതിൽ താറാവുകൾ രോഗബാധകാരണം കൂട്ടത്തോടെ ചത്തിരുന്നു. വേനൽ ചൂട് വർദ്ധിക്കുന്നതിനാൽ താറാവുകൾ കൂട്ടത്തോടെ തളർച്ച വന്ന് ചത്തൊടുങ്ങാനുള്ള സാധ്യത ഏറെയാണ്.
തീറ്റ വലിയ ബാധ്യത
താറാവ് കർഷകർ ഇപ്പോൾ തീറ്റ എത്തിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. കൃഷിയിറക്കിയതോടെ പാടശേഖരങ്ങളിൽ താറാവുകളെ തീറ്റിക്കാൻ ഇടമില്ലാതായി. ഇതോടെയാണ് കർഷകർ തമിഴ്‌നാടിനെ ആശ്രയിക്കാൻ തുടങ്ങിയത്. താറാവുകളെ തമിഴ്‌നാട്ടിൽ എത്തിച്ച് തീറ്റ തേടുന്ന കർഷകരുമുണ്ട്. കുട്ടനാട്ടിലെ കൊയ്ത്തുകാലം കഴിഞ്ഞേ തമിഴ്നാട്ടിലേക്ക് പോയ കർഷകർ കേരളത്തിലേക്ക് താറാവുകളെ തിരികെ എത്തിക്കുകയുള്ളൂ. തീറ്റച്ചെലവ് കൂടാതെ വാഹനവാടകയിനത്തിലും കർഷകർക്ക് ഇത് വലിയ ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്.