nayattu
കാട്ടുപോത്തിനെ വെടിവെച്ച നായാട്ടു സംഘത്തിലെ സാജു ഗീവർഗ്ഗീസ്, കെ.കെ.രാജേഷ് എന്നിവരെ തമിഴ് നാട് പൊലീസിന് കൈ മാറുന്നു

അടിമാലി: തമിഴ്‌നാട് കുരങ്ങണി വനത്തിൽ നായാട്ടു സംഘാംഗം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇടുക്കി ബോഡിമെട്ട് തോണ്ടിമല സ്വദേശി മരിയപ്പനാണ് (58) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാജകുമാരി സ്വദേശികളായ രണ്ട് പേരെ ശാന്തമ്പാറ പൊലീസ് പിടികൂടി തമിഴ്‌നാട് പൊലീസിന് കൈമാറി. ഞായറാഴ്ച പത്തുമണിയോടെയാണ് മാരിയപ്പൻ രാജകുമാരി നോർത്ത് സ്വദേശികളായ കണ്ണൻകുളങ്ങര സാജു ഗീവർഗീസ് (40), കാരപ്പള്ളിയിൽ രാജേഷ് (42) എന്നിവർക്കൊപ്പം കുരങ്ങണി വനമേഖലയിലെത്തിയത്. കാടിനെക്കുറിച്ച് വ്യക്തമായ അറിവുള്ള മാരിയപ്പനെകൂട്ടിയാണ് ഇവർ സാധാരണ നായാട്ട് നടത്തുന്നത്. പുലിക്കുത്തിന് സമീപം കാട്ടുപോത്തിനെ വെടിവെച്ച് വീഴ്ത്തി. തുടർന്ന് വീണുകിടക്കുന്ന പോത്തിനടുത്തെത്തിയപ്പോൾ പോത്ത് ആക്രമിക്കാനൊരുങ്ങി. പിന്തിരിഞ്ഞോടിയ മാരിയപ്പനെ പിന്നാലെ ചെന്ന് പോത്ത് ആക്രമിച്ചു. അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ മാരിയപ്പനെ സുഹൃത്തുക്കൾ ചുമന്ന് വനത്തിന് പുറത്തെത്തിച്ചു. തുടർന്ന് ഇവർ വന്ന വാഹനത്തിൽ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. കൃഷിയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചതാണെന്നാണ് സുഹൃത്തുക്കൾ ആശുപത്രിയിൽ പറഞ്ഞത്. സംശയം തോന്നിയ തമിഴ്‌നാട് പൊലീസ് ശാന്തമ്പാറ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് രാജേഷിനെയും സാജുവിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽ നിന്ന് നായാട്ടിനിടെ കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് മാരിയപ്പൻ മരിച്ചതെന്ന് വ്യക്തമായി. തുടർന്ന് തമിഴ്‌നാട് പൊലീസിന് ഇരുവരെയും കൈമാറി. സ്ഥിരമായി വന്യ മൃഗങ്ങളെ വേട്ടയാടുന്ന ഇവർ ലൈസൻസില്ലാത്ത നാടൻ തോക്ക് ഉപയോഗിച്ചാണ് പോത്തിനെ വെടിവച്ചത്. തോക്ക് കാട്ടിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി. കുരങ്ങണി പൊലീസും വനം വകുപ്പും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാരിയപ്പന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.